രാജ്യദ്രോഹികളെ തുടച്ചുനീക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രത്യേക പൂജ നടത്തി. ഹിന്ദു ജാഗരണ്‍ അഭിയാനും ഹിന്ദു വിദ്യാര്‍ത്ഥി സേനയും ചേര്‍ന്നാണ് ജെ എന്‍ യുവില്‍ പൂജ നടത്തിയത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് പൂജയും പ്രാര്‍ത്ഥനയും നടന്നത്. ഹിന്ദു ജാഗരണ്‍ അഭിയാന്‍ പ്രവര്‍ത്തകര്‍ താമസിക്കുന്ന മാന്ദ്‌വി ഹോസ്റ്റലിന് പുറത്തായിരുന്നു ചടങ്ങുകള്‍ നടന്നത്. രാജ്യത്തെ മുഴുവന്‍ ദേശദ്രോഹികളെയും ഇല്ലാതാക്കാനും അത്തരം ചിന്തകള്‍ മനസില്‍ കൊണ്ടുനടക്കുന്നവരില്‍ നിന്നും രാജ്യത്തേയും സര്‍വകലാശാലയേയും രക്ഷിക്കാനുമാണ് പൂജയെന്ന് സംഘാടകര്‍ പറഞ്ഞു.
രാം നവമി പൂജയും ഭഗവതി പൂജയുമാണ് നടത്തിയത്. സര്‍വകലാശാലയില്‍ ഐക്യം കൈവരാന്‍ പ്രാര്‍ത്ഥിച്ചതായും സംഘാടകര്‍ വ്യക്തമാക്കി. ഹിന്ദു മഹാസഭാ നേതാവുമായ അജയ് ഗൗതമായിരുന്നു ചടങ്ങിലെ മുഖ്യ അതിഥി. അതേസമയം, കാമ്പസില്‍ പൂജ നടത്തിയതിനെതിരെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അക്കാദമിക് സ്ഥാപനത്തില്‍ മതപരമായ ചടങ്ങുകള്‍ നടത്തിയതിനെതിരെയാണ് ഇവര്‍ രംഗത്തെത്തിയത്.