രാജ്യത്തുള്ളത് ബിജെപി തരംഗമെന്ന് നരേന്ദ്ര മോഡി

Webdunia
ബുധന്‍, 16 ഏപ്രില്‍ 2014 (17:51 IST)
PTI
PTI
രാജ്യത്തുള്ളത് മോഡി തരംഗമല്ല, ബിജെപി തരംഗം തന്നെയെന്ന് നരേന്ദ്ര മോഡി. ഗുജറാത്ത് കാലപത്തിന്റെ സത്യം മനസിലാക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. ഗുജറാത്ത് കലാപത്തെ കുറിച്ച് ഒരിക്കലും മൌനം പാലിച്ചിട്ടില്ലെന്നും നരേന്ദ്ര മോഡി പറഞ്ഞു. ഇത് സംബന്ധിച്ച് 2002 മുതല്‍ 2007 വരെ രാജ്യത്തെ എല്ലാ പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടേയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും മോഡി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മാപ്പുപറയുമോ എന്ന ചോദ്യത്തില്‍ നിന്ന് നരേന്ദ്ര മോഡി ഒഴിഞ്ഞുമാറി. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോഡി മാപ്പു പറയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ കോണ്‍ഗ്രസ് ആദ്യം അവരുടെ പാപങ്ങള്‍ ഏറ്റുപറയട്ടെ, എന്നിട്ടേ മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടാവൂവെന്ന് മോഡി പറഞ്ഞു. മോഡി ബിജെപിയെക്കാള്‍ വളര്‍ന്നെന്ന വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോള്‍ അമ്മയേക്കാള്‍ കുട്ടി എങ്ങനെ വലുതാകുമെന്നായിരുന്നു മോഡിയുടെ മറുപടി.

കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാകും ഈ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ലഭിക്കുകയെന്ന് മോഡി പറഞ്ഞു. ഇത് രാജ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.