രാജിക്ക് ഒരുക്കമെന്ന് അശോക് ചവാന്‍

Webdunia
ശനി, 30 ഒക്‌ടോബര്‍ 2010 (15:27 IST)
PTI
ആദര്‍ശ് സൊസൈറ്റി അഴിമതി ആരോപണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ രാജി സന്നദ്ധത അറിയിച്ചു. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലാണ് രാജി സന്നദ്ധത പ്രകടിപ്പിച്ചത്.

രാജി സംബന്ധിച്ച അന്തിമ തീരുമാനം സോണിയയ്ക്ക് വിട്ടിരിക്കുകയാണ്. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് എകെ ആന്റണിയും പ്രണാബ് മുഖര്‍ജിയും അടങ്ങുന്ന സമിതിയെ സോണിയ ഗാന്ധി ചുമതലപ്പെടുത്തി. സോണിയ ഗാന്ധിയും അഹമ്മദ് പട്ടേലും എ കെ ആന്റണിയും അടങ്ങുന്ന സംഘമാണ് ചവാനുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത്.

ആദര്‍ശ് സൊസൈറ്റി അഴിമതി ആരോപണത്തെ തുടര്‍ന്ന് ചവാനെ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. സോണിയയുമായുള്ള കൂടിക്കാഴ്ചയില്‍ വിശദീകരണം നല്‍കിയെന്ന് അശോക് ചവാന്‍ വെളിപ്പെടുത്തി.

മഹാരാഷ്ട്രയിലെ കൊളാബയില്‍ സൈന്യത്തിന്റെ സ്ഥലത്ത് കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചവരുടെ വിധവകള്‍ക്കായി നിര്‍മ്മിച്ചതാണ് 31 നില ആദര്‍ശ് ഹൌസിംഗ് സൊസൈറ്റി ഫ്ലാറ്റുകള്‍. ഈ കെട്ടിടത്തില്‍, ചവാന്റെ ഭാര്യാ മാതാവടക്കം ബന്ധുക്കളും പരിചയക്കാരുമായി 103 പേര്‍ക്ക് ഫ്ലാറ്റുകള്‍ നല്‍കി എന്നതാണ് ആരോപണം. 31 നിലകളുള്ള ഫ്ലാറ്റിന്റെ നിര്‍മ്മാണത്തിലും വിതരണത്തിലും ക്രമക്കേടുകള്‍ ഉള്ളതായാണ് ആരോപണം.