ഡല്‍ഹി കൂട്ടമാനഭംഗക്കേസ് പ്രധാനപ്രതി രാം സിംഗിന്റെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രാം സിംഗ് തൂങ്ങിമരിച്ചതാണെന്ന് ചൊവ്വാഴ്ച എയിംസ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക ഫലം പറയുന്നു.
രാം സിംഗ് തിഹാര്‍ ജയിലിലെ സെല്ലില്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് ജയില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. ധരിച്ചിരുന്ന വസ്ത്രങ്ങളും പുതയ്ക്കുന്ന ബ്ലാങ്കറ്റും ഉപയോഗിച്ചാണ് ഇയാള്‍ തൂങ്ങിമരിച്ചത് എന്നായിരുന്നു വിവരം.
അതേസമയം രാം സിംഗിനെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സിബിഐ അന്വേഷണം വേണം എന്നും ഇവര്‍ ആവശ്യപ്പെട്ടു. രാം സിംഗിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് രാം സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ടമാനഭംഗക്കേസിലെ വിചാരണയ്ക്കായി രാം സിംഗിനെ സാകേതിയെ അതിവേഗ കോടതിയില്‍ ഹാജരാക്കാനിരിക്കുകയായിരുന്നു. ഡിസംബര്‍ 16ന് രാത്രിയാണ് രാജ്യത്തെ നടുക്കിയ കൂട്ടമാനഭംഗം നടന്നത്. ഡല്‍ഹില്‍ ബസില്‍ വച്ച് മാനഭംഗത്തിന് ഇരയായ 23കാരിയായ വിദ്യാര്‍ഥിനി ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.