യാക്കൂബ് മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

Webdunia
വ്യാഴം, 30 ജൂലൈ 2015 (00:21 IST)
യാക്കൂബ് മേമന്റെ രണ്ടാമത്തെ ദയാഹർജി രാഷ്ട്രപതി പ്രണബ് മുഖർജി തള്ളി. ഇതോടെ യാക്കൂബ് മേമനെ വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് തൂക്കിലേറ്റുമെന്ന് ഉറപ്പായി. മേമന്റെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ്‌ ദയാഹര്‍ജി തള്ളിക്കൊണ്ട് രാഷ്ട്രപതി തീരുമാനമെടുത്തത്.

ഇതിനിടെ യാക്കൂബ് മേമന്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വധശിക്ഷ 14 ദിവസത്തേക്ക് സ്റ്റേ ചെയ്യണമെന്നാണ്‌ മേമന്റെ ആവശ്യം. എന്നാല്‍ സുപ്രീംകോടതി ഇത് പരിഗണിക്കാന്‍ സാധ്യതയില്ല.

നേരത്തേ മേമന്റെ വധശിക്ഷ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. മേമന്റെ ഹര്‍ജി പരിഗണിച്ച രീതികളില്‍ തെറ്റില്ലെന്ന് കോടതി വിലയിരുത്തി. മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുള്‍ കലാം അന്തരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ഒരാഴ്ചത്തെ ദു:ഖാചരണം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കാന്‍ ഏതെങ്കിലും തരത്തിലുമുള്ള നിയമതടസങ്ങളില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.

ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി പന്ത്, അമിതാഭ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഈ മാസം 21ന് യാക്കൂബ് മേമന്റെ തിരുത്തല്‍ ഹര്‍ജി കൈകാര്യം ചെയ്തതില്‍ പാളിച്ചയില്ലെന്ന് കോടതി നിരീക്ഷിച്ചു. തിരുത്തല്‍ ഹര്‍ജി പരിഗണിച്ചതില്‍ പാളിച്ചയുണ്ട് എന്ന് കാണിച്ച് യാക്കൂബ് മേമന്‍ ഹര്‍ജി നല്കിയിരുന്നു. വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള മേമന്റെ ഹര്‍ജി പരിഗണിച്ചത് ജസ്‌റ്റിസുമാരായ അനില്‍ ആര്‍ ദവൈ, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ബഞ്ചിലാണ് അഭിപ്രായ ഭിന്നതയുണ്ടായത്. വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് കുര്യന്‍ ജോസഫ് വ്യക്തമാക്കിയപ്പോള്‍ ഹര്‍ജിലെ വാദങ്ങള്‍ അപ്രസക്തമാണെന്നും വധശിക്ഷ നടപ്പാക്കണമെന്നുമായിരുന്നു അനില്‍ ആര്‍ ദവൈ പറഞ്ഞത്. രണ്ടംഗ ബെഞ്ചിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു.

1993ലെ മുംബൈ സ്ഫോടന പരമ്പരയില്‍ 257 പേര്‍ മരിക്കുകയും 700 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നഗരത്തിലെ 13 സ്ഥലങ്ങളിലായിരുന്നു അന്ന് സ്ഫോടനമുണ്ടായത്.