ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി വാരാണസിയിലെന്ന് വാര്‍ത്തകള്‍ വന്നതിനുപിന്നാലെ മോഡിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍.
ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ മോഡിക്കെതിരെ മത്സരിക്കുമെന്ന് കെജ്‌രിവാള്‍ ബാംഗ്ളൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. ഇതിനായി ജനഹിതം തേടുമെന്നും കെജരിവാള്‍ സൂചിപ്പിച്ചു. കടുത്ത വെല്ലുവിളിയാണെന്ന് ബോധ്യമുണ്ടെന്നും ആ വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നുവെന്നും മോഡി പരാജയപ്പെടേണ്ടതുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.
മാര്‍ച്ച് 23ന് താന്‍ വാരാണസിയിലേക്ക് പോകുന്നുണ്ടെന്നും അവിടെ നടക്കുന്ന റാലിയില്‍ ജനങ്ങളുടെ അഭിപ്രായം തേടുമെന്നും കെജ്‌രിവാള്‍ സൂചിപ്പിച്ചു. പാര്‍ട്ടി തന്ന ടിക്കറ്റ് തനിക്ക് അത്ര പ്രധനപ്പെട്ടതല്ലെന്നും ജനങ്ങള്‍ ടിക്കറ്റ് നൽകുന്ന നിമിഷം മുതല്‍ മോഡിക്കെതിരെ പോരാടുമെന്നും കെജ്‌രിവാള്‍ സൂചിപ്പിച്ചു.
സുരക്ഷിതമായൊരു സീറ്റ് കണ്ടെത്താനാണ് മോഡി രണ്ട് സീറ്റില്‍ മത്സരിക്കുന്നത്. മോഡി ഗുജറാത്തിലെ മാത്രം നേതാവാണെന്നും പ്രധാനമന്ത്രി പദവിക്ക് യോഗ്യനല്ലെന്നുമാണ് ഇത് തെളിയിക്കുന്നതെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. ബാംഗ്ളൂരില്‍ രണ്ട് ദിവസത്തെ പ്രചാരണത്തിന്രെ സമാപന റാലിയില്‍ സംസാരിക്കുകയായിരുന്നു അരവിന്ദ് കെജ്‌രിവാള്‍.