മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ കൌമാരക്കാരന്റെ സ്വര്‍ണ മോഷണം; മോഷ്ടിച്ചത് 21 പവന്‍ സ്വര്‍ണം

Webdunia
ശനി, 5 ഏപ്രില്‍ 2014 (17:33 IST)
PRO
സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 21 പവന്‍ സ്വര്‍ണം മോഷ്ടിച്ചതിന് മും‌ബൈയില്‍ 17കാരന്‍ അറസ്റ്റിലായി. സ്വന്തമായി ഒരു മൊബൈല്‍ ഫോണ്‍ വാങ്ങാനായിരുന്നു. മൊബൈല്‍ ഫോണ്‍ വാങ്ങുവാന്‍ വീട്ടുകാര്‍ പണം നല്‍കില്ലെന്നു വന്നതോടെയാണ് കൈവിട്ട കളിക്കു മുതിര്‍ന്നത്.

തങ്ങളുടെ സ്വര്‍ണം നഷ്ടപ്പെട്ടെന്നു കാ‍ട്ടി ചാര്‍കോപ് പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് സംശയം തോന്നി കൌമാരക്കാരനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മോഷണ കഥയുടെ ചുരുളഴിഞ്ഞത്.

കുട്ടി മോഷ്ടാവിന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്നും ആപ്പിള്‍ ഐഫോണുള്‍പ്പടെയുള്ള വിലകൂടിയ ഫോണുകളുടെ ശേഖരം കണ്ട് പൊലീസ് അമ്പരന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ വില്‍ക്കാന്‍ കഴിയാതെ ബാക്കി വന്ന സ്വര്‍ണവും കണ്ടെടുത്തു.

സ്വന്തം വീടിന്റെ ലോക്കറില്‍ നിന്ന്‍ സ്വര്‍ണം മോഷ്ടിക്കാനും ശ്രമം നടത്തിയിരുന്നു.
തങ്ങളുടെ വീട്ടില്‍ നിരന്തരം വന്നു പോയിരുന്ന കുട്ടി ഇത്രയും വലിയ പ്രശ്നം ഉണ്ടാക്കുമെന്ന് പരാതിക്കാരും കരുതിയിരുന്നില്ല. ഏതായാലും കുട്ടിക്കുറ്റവാളി ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലാണ്.