ജനങ്ങളുടെ മുറവിളി അധികൃതര്‍ ചെവിക്കൊള്ളാതെ വന്നപ്പോഴാണ് എംഎല്‍എ സമരത്തിന് പുറപ്പെട്ടത്. രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ പ്രകാശ് ചന്ദ്ര ചൌധരിയാണ് മൊബൈല്‍ ടവറിന് മുകളില്‍ കയറി സമരം നടത്തിയത്. ചിട്ടോഗഢ് ജില്ലയിലെ ബദി സദ്രി പ്രദേശത്തായിരുന്നു സമരം.
പ്രദേശത്തെ മൂന്ന് മൊബൈല്‍ ടവറുകള്‍ മാറ്റി സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് സ്ഥാപിച്ച ഈ ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ ആളുകള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ജനങ്ങള്‍ പല തവണ പരാതി നല്‍കിയിട്ടും യാതൊരുഗുണവും ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് സ്ഥലം എംഎല്‍എ പ്രശ്നത്തില്‍ നേരിട്ട് ഇടപെട്ടത്.
രാവിലെ ടവറിന് മുകളില്‍ കയറിയ എംഎല്‍എ അഞ്ച് മണിക്കൂര്‍ അവിടെ കഴിഞ്ഞു. ടവറുകള്‍ മാറ്റാമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കിയതിന് ശേഷമാണ് അദ്ദേഹം താഴെയിറങ്ങിയത്.