മൃതശരീരം വരിഞ്ഞുകെട്ടി നദിയില്‍ തള്ളിയ പൊലീസുകാരന്‍ ചാനല്‍ ക്യാമറയില്‍ കുടുങ്ങി

Webdunia
വെള്ളി, 16 ഓഗസ്റ്റ് 2013 (14:53 IST)
PRO
പൊലീസുകാരനും റിക്ഷാ വലിക്കാരനും ചേര്‍ന്ന് മൃതദേഹം വരിഞ്ഞുകെട്ടി ഗംഗാ നദിയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ പ്രാദേശിക ചാനലിന് ലഭിച്ചു. ഉത്തര്‍ പ്രദേശിലെ മുസഫര്‍പൂരിലാണ് സംഭവം. പ്രാദേശിക ടി വി ചാനല്‍ പകര്‍ത്തിയ വീഡിയോ ദേശീയ മാധ്യമങ്ങളും സം‌പ്രേഷണം ചെയ്തു.

സംഭവം വിവാദമായതോടെ പൊലീസ് കോണ്‍സ്റ്റബിളിനെ സസ്പെന്റ് ചെയ്തു. മുസഫര്‍പൂരിലെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹമാണ് പൊലീസുകാരന്‍ ഗംഗയില്‍ തള്ളിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

മൃതദേഹം നദിക്കരയില്‍ എത്തിച്ചശേഷം വെളുത്തതുണിയില്‍ പൊതിഞ്ഞ് കയറുകൊണ്ട് കെട്ടിയ ശേഷം ഒരു തോണികൊണ്ട് വലിച്ച് നദിയുടെ മധ്യഭാഗത്ത് തള്ളുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. സംഭവത്തില്‍ മുസാഫര്‍പൂര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ഗുലാബ് സിംഗാണ് അറസ്റ്റിലായത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് താനിത് ചെയ്തതെന്ന് ഇയാള്‍ പ്രതികരിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനോ ആരോപണവിധേയനായ സീനിയര്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി എടുക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉറ്റവരില്ലാത്ത മൃതദേഹങ്ങള്‍ നിയമപ്രകാരം സംസ്കരിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്നത് 2700 രൂപയാണ്. മതാചാര പ്രകാരം സംസ്കരിക്കാതെ ഈ തുക തട്ടിയെടുക്കുന്നതിനാണ് പൊലീസുകാരന്‍ ശ്രമിച്ചതെന്നാണ് ആരോപണം.

നദിയില്‍ സ്ഥിരമായി മൃതദേഹങ്ങള്‍ അടിയുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പ്രാദേശിക ചാനല്‍ അന്വേഷണം നടത്തിയതിനെത്തുടര്‍ന്നാണ് പൊലീസുകാരനും സഹായിയും വലയിലായത്.