യുപിഎ സര്‍ക്കാരിനെ താഴെയിട്ട് മൂന്നാം മുന്നണി രൂപീകരിച്ച് അധികാരത്തിലേറാനുള്ള പദ്ധതികളുടെ പണിപ്പുരയിലാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. ബിജെഡി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ആര്‍എല്‍ഡി, ആര്‍ജെഡി, തുടങ്ങിയ പാര്‍ട്ടികളെ ഒപ്പം കൂട്ടാം എന്നാണ് മുലായത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇടതുപാര്‍ട്ടികള്‍ എങ്ങനെ പ്രതികരിക്കും എന്ന് അദ്ദേഹത്തിന് തന്നെ നിശ്ചയമില്ല. മൂന്നാം മുന്നണി നിര്‍ദ്ദേശങ്ങളോടുള്ള ഇടതുപാര്‍ട്ടികളുടെ തണുപ്പന്‍ പ്രതികരണവും ഇത് തന്നെയാണ് കാണിക്കുന്നത്.
മൂന്നാം മുന്നണി എന്ന ആശയം വ്യക്തമായ നയങ്ങളോടെ മാത്രമേ യാഥാര്‍ത്ഥ്യമാകുകയുള്ളൂ എന്നാണ് ഇടതുപാര്‍ട്ടികളുടെ കണക്കുകൂട്ടല്‍. വ്യക്തമായ നയങ്ങള്‍ ഇല്ലാതെ എങ്ങനെ അതിനായി തുനിഞ്ഞിറങ്ങും എന്നാണ് അവര്‍ ചോദിക്കുന്നത്.
മാത്രമല്ല മുലായത്തിന്റെ മലക്കം മറിയുന്ന സ്വഭാവം ഇടതുപാര്‍ട്ടികള്‍ കണ്ടറിഞ്ഞതാണ്. ആണവകരാര്‍ വിഷയം, ചില്ലറ മേഖലയിലെ വിദേശ നിക്ഷേപം തുടങ്ങിയ നിര്‍ണ്ണായക അവസരങ്ങളില്‍ മുലായം നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞത് അവര്‍ മറന്നിട്ടില്ല.
ഒരു പാര്‍ട്ടി ഒറ്റയ്ക്ക് ഭരിക്കുന്ന കാലം കഴിഞ്ഞുവെന്നും ഒരേ മനസ്സുള്ള പല പാര്‍ട്ടികള്‍ ഒന്നിക്കുന്ന കാലമാണ് വരാന്‍ പോകുന്നതെന്നും മുലായം കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ ഒരു പൊതുപരിപാടിയില്‍ പറഞ്ഞിരുന്നു. തനിക്ക് പ്രധാനമന്ത്രിയാകാനുള്ള അവസാന ചാന്‍സ് ആണ് ഇതെന്ന് മുലായത്തിന് ബോധ്യമുണ്ട്. ഹോളിയ്ക്ക് ശേഷം മുലായം കൂറ്റന്‍ റാലി സംഘടിപ്പിക്കുന്നുണ്ട്. തന്റെ മനസ്സിലുള്ള കാര്യങ്ങള്‍ അദ്ദേഹം അപ്പോള്‍ വെളിപ്പെടുത്തുമെന്നാണ് അറിയുന്നത്. ഇടതുപാര്‍ട്ടികളുമായി ചര്‍ച്ചകള്‍ക്കും അദ്ദേഹം തയ്യാറായേക്കും.