മുല്ലപ്പെരിയാര്‍ വിധി മണിക്കൂറുകള്‍ക്കകം, കേരളത്തിന് നിര്‍ണായകം

Webdunia
ചൊവ്വ, 6 മെയ് 2014 (18:48 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ സുപ്രീം കോടതി ബുധനാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വിധി പറയുക. കേരളത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരിക്കും മുല്ലപ്പെരിയാര്‍ കേസിലെ വിധി.
 
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. എന്നാല്‍ നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്നും പുതിയ അണക്കെട്ട് ആവശ്യമില്ലെന്നുമാണ് തമിഴ്നാട് പറയുന്നത്. മാത്രമല്ല ജലനിരപ്പ് ഉയര്‍ത്തണമെന്നും തമിഴ്നാട് ആവശ്യപ്പെടുന്നു.
 
ജസ്റ്റിസ് എ എസ് ആനന്ദിന്‍റെ അധ്യക്ഷതയിലുള്ള ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടുകളും രണ്ട് സംസ്ഥാനങ്ങളുടെയും വാദങ്ങളും പരിശോധിച്ചാണ് സുപ്രീംകോടതി ഈ കേസില്‍ വിധി പറയുന്നത്. കേരളത്തിന്‍റെ ആവശ്യങ്ങള്‍ ന്യായമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍‌വേ കോടതിയെ ധരിപ്പിച്ചിരുന്നു. 
 
ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്ന് 2006ല്‍ കേരള സര്‍ക്കാര്‍ ഒരു നിയമം പാസാക്കിയിരുന്നു. ഈ നിയമത്തെ തമിഴ്നാട് സുപ്രീം‌കോടതിയില്‍ ചോദ്യം ചെയ്തു. നിലവിലെ സാഹചര്യത്തില്‍ അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതിന് കുഴപ്പമില്ലെന്നും ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 
ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരമായി ആവശ്യമെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാമെന്ന് ഉന്നതാധികാരസമിതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശത്തോട് സമിതിയിലെ തമിഴ്നാട് പ്രതിനിധി വിയോജിപ്പ് രേഖപ്പെടുത്തി. ജസ്റ്റിസ് കെ ടി തോമസ് ആയിരുന്നു ഉന്നതാധികാര സമിതിയിലെ കേരളത്തിന്‍റെ പ്രതിനിധി.
 
ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ട് വിശ്വാസയോഗ്യമല്ലെന്നാണ് കേരളം സുപ്രീം‌കോടതിയില്‍ വാദിച്ചത്.