മുംബൈ: പാക് കൂടുതല്‍ പ്രവര്‍ത്തിക്കണം

Webdunia
വ്യാഴം, 12 മാര്‍ച്ച് 2009 (17:22 IST)
മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പാകിസ്ഥാന്‍ കൂടുതല്‍ പ്രവര്‍ത്തനം നടത്തണമെന്ന് വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍. പാകിസ്ഥാന്‍ ഇക്കാര്യത്തില്‍ വിശ്വസനീയമായ രീതിയിലാണ് പ്രവര്‍ത്തനം നടത്തേണ്ടതെന്നും മേനോന്‍ വാഷിംഗ്ടണില്‍ പറഞ്ഞു.

പാകിസ്ഥാന്‍ ആവശ്യപ്പെട്ടതനുസരിച്ച് മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ കൈമാറും. എന്നാല്‍, ഇന്ത്യയുടേത് പോലെതന്നെ ലക്‍ഷ്യ പ്രാപ്തിക്കു വേണ്ടിയുള്ള പ്രവര്‍ത്തനമാണ് പാകിസ്ഥാനില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ശിവശങ്കര്‍ മേനോന്‍ തന്‍റെ നാല് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന വേളയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ഭീകര കേന്ദ്രങ്ങള്‍ ഇല്ലാതാക്കാന്‍ പാകിസ്ഥാനെ പ്രേരിപ്പിക്കുകയുമാണ് ഇന്ത്യയുടെ ലക്‍ഷ്യമെന്നും മേനോന്‍ വിശദീകരിച്ചു.

പാകിസ്ഥാന്‍ മുംബൈ ആക്രമണത്തെ കുറിച്ച് നടത്തിയ അന്വേഷണം പുരോഗമനപരമാണെന്ന് മേനോന്‍ അഭിപ്രായപ്പെട്ടു.