മാവോ പ്രശ്നം പരിഹരിക്കാന്‍ 3 വര്‍ഷം:ചിദംബരം

Webdunia
വെള്ളി, 1 ജനുവരി 2010 (16:10 IST)
PRO
PRO
മാവോയിസ്റ്റു വിമത പ്രശ്നം ഒതുക്കാന്‍ ഇനിയും രണ്ടോ മൂന്നോ വര്‍ഷം കൂടി വേണ്ടിവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം. മാവോയിസ്റ്റ് മേഖലകളില്‍ അര്‍ദ്ധ സൈനിക വിഭാഗത്തെ നിയോഗിച്ചു എങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ വിമത നീക്കങ്ങളെ ചെറുക്കാന്‍ പരാജയപ്പെടുന്നതില്‍ ഉത്കണ്ഠ ഉണ്ടെന്നും ചിദംബരം പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാ‍നങ്ങളായ മണിപ്പൂരിലും അസ്സമിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്ന് സമ്മതിച്ച ചിദംബരം പക്ഷേ, അസ്സമിലെ ഉള്‍ഫയ്ക്ക് മേല്‍ സര്‍ക്കാര്‍ വ്യക്തമായ ആധിപത്യം നേടി എന്ന് ചൂണ്ടിക്കാണിച്ചു. ഉള്‍ഫ തീവ്രവാദികള്‍ ആയുധങ്ങള്‍ ഉപേക്ഷിക്കാനും സ്വയംഭരണാവശ്യം ഉപേക്ഷിക്കാനും തയ്യാറായാല്‍ ഭാവിയില്‍ ചര്‍ച്ചയില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) സംസ്ഥാനങ്ങളുടെ ഏത് കേസുകളും ഏറ്റെടുക്കാനുള്ള അധികാരമുണ്ട് എന്നും ഒരു ചോദ്യത്തിന് മറുപടിയായി ചിദംബരം പറഞ്ഞു.

കേരളത്തിലെ തീവ്രവാദ കേസുകള്‍ സംസ്ഥാനത്തെ അറിയിക്കാതെ ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു എന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പരാതി അടിസ്ഥാനരഹിതമാണ്. കേസ് എന്‍ഐഎ ഏറ്റെടുത്തത് സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് പറയാന്‍ കഴിയില്ല എന്നും ചിദംബരം ചൂണ്ടിക്കാട്ടി.