മാവോയിസ്റ്റ് ആക്രമണം: നക്സലൈറ്റുകള്‍ക്കെതിരേ ശക്തമായ നടപടി

Webdunia
തിങ്കള്‍, 27 മെയ് 2013 (20:07 IST)
PRO
PRO
ഛത്തീസ്‌ഗഡിലെ ഭീതിദമായ മാവോയിസ്‌റ്റ് ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ നക്‌സ്ലൈറ്റുകള്‍ക്കെതിരേ ശക്‌തമായ നടപടി. 2,000 സുരക്ഷാ ഉദ്യോഗസ്‌ഥര്‍ അടങ്ങുന്ന സംഘമാണ് ബസ്‌താര്‍ മേഖലയിലെ നക്‌സല്‍ കേന്ദ്രമായ കാടുകളിലേക്ക്‌ നീങ്ങിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഛത്തീസ്‌ഗഡില്‍ കോണ്‍ഗ്രസ്‌ നടത്തിയ പരിവര്‍ത്തന്‍ റാലിക്ക്‌ നേരെ നടന്ന മാവോയിസ്‌റ്റ് ആക്രമണത്തില്‍ കോണ്‍ഗ്രസ്‌ സംസ്‌ഥാന നേതാവ്‌ നന്ദകുമാര്‍ പട്ടേല്‍, മുതിര്‍ന്ന നേതാവ്‌ മഹേന്ദ്ര കര്‍മ്മ, മുന്‍ എംഎല്‍എ ഉദയ്‌ മുതലിയാര്‍ എന്നിവര്‍ ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. മുന്‍ കേന്ദ്രമന്ത്രി വിസി ശുക്‌ള അടക്കമുള്ള 36 പേര്‍ക്ക്‌ സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

സംഭവ സ്‌ഥലത്തുനിന്നും 24 മൃതശരീരങ്ങള്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ കണ്ടെത്തി. സംഭവ സ്‌ഥലത്തു നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിനായി എന്‍ഐഎ സംഘവും സ്‌ഥാലത്ത്‌ എത്തിയിട്ടുണ്ട്‌. ആക്രമണം സംഘടിപ്പിച്ച നക്‌സല്‍ നേതാക്കളെ കുറിച്ച്‌ വിവരം ലഭിച്ചിട്ടുണ്ടെന്ന്‌ രാംനിവാസ്‌ ഡിജിപി പറഞ്ഞു. അതിനിടയില്‍ അപ്രത്യക്ഷമായ പോലീസുകാരന്‍ പവന്‍ കിന്ദ്രോയ്‌ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്‌തമാക്കിയിട്ടുണ്ടെന്നും പോലീസ്‌ പറഞ്ഞു.