മാവോയിസ്റ്റുകള്‍ റെയില്‍‌വേ സ്റ്റേഷന്‍ തകര്‍ത്തു

Webdunia
ശനി, 28 ഫെബ്രുവരി 2009 (14:50 IST)
റൂര്‍ക്കേല: ഒറീസയിലെ രണ്ട് റയില്‍‌വേ സ്റ്റേഷനുകള്‍ക്ക് നേര്‍ക്ക് മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ഒരു റയില്‍വേ സ്‌റ്റേഷന്‍ പൂര്‍ണമായും തകര്‍ന്നു. മറ്റൊരു റയില്‍വേ സ്റ്റേഷനിലെ രണ്ട് റയില്‍ ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകള്‍ തട്ടിയെടുത്തു.

അഞ്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്‍ഫ പ്രഖ്യാപിച്ചിരിക്കുന്ന 24 മണിക്കൂര്‍ ബന്ദ് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സുന്ദര്‍ഘട്ട്‌ ജില്ലയിലെ ബലുലാട്ട സ്റ്റേഷനിലും ഛന്ദിപ്പോഷ്‌ സ്റ്റേഷനിലും ഇന്ന്‌ പുലര്‍ച്ചെ ആക്രമണം നടന്നത്‌.

സ്‌ത്രീകളടക്കം 60ഓളം വരുന്ന മാവോയിസ്റ്റുകള്‍ റയില്‍വേ സ്‌റ്റേഷനിലേക്ക്‌ ഇരച്ചുകയറി ബോം‌ബുപയോഗിച്ച് സ്‌റ്റേഷന്‍ തകര്‍ക്കുകയായിരുന്നുവെന്ന് ബിസ്ര പൊലീസ്‌ ഇന്‍സ്‌പെക്ടര്‍ സി എസ്‌ മൊഹന്തി പറഞ്ഞു.

ആക്രമണത്തില്‍ റയില്‍ വേസ്റ്റേഷന്‍ പൂര്‍ണ്ണമായും നിലം‌പൊത്തിയെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല. ആക്രമണത്തെത്തുടര്‍ന്ന്‌ ഹൗറ - മുംബൈ റൂട്ടിലെ ട്രയിന്‍ ഗതാഗതം സ്‌തംഭിച്ചു.

ഒറീസയിലും. ഛത്തീസ്‌ഗഡിലും ഝാര്‍ഖണ്ഡിലും, ബീഹാറിലും ബംഗാളിലുമാണ് മാവോയിസ്റ്റുകള്‍ 24 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.