കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിഎസ്പി നേതാവ് മായാവതിയുടെ ബാഗില്‍ നിന്നും പൊലീസ് ഒരു ലക്ഷം രൂപ പിടിച്ചെടുത്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും ബി.ജെ.പി നേതാവ് സുഷമ സ്വരാജിനേയും പൊലീസ് പരിശോധിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും താന്‍ ദലിത് സ്ത്രീയായത് കൊണ്ടാണ് പരിശോധനയെന്നും മായാവതി ആരോപിച്ചു.
ഗുല്‍ബര്‍ഗ ജില്ലയിലെ ജവര്‍ഗിയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോയാണ് മായാവതിയെ ഫൈ്ളയിങ് സ്ക്വാഡ് പരിശോധിച്ചത്. മായാവതി സഞ്ചരിച്ച ഹെലികോപ്റ്ററിലും കാറിലും സ്ക്വാഡ് പരിശോധന നടത്തി.
ഹെലികോപ്റ്ററില്‍ തന്നോടൊപ്പം സഞ്ചരിച്ച അനുയായികള്‍ സംഭാവന നല്‍കിയതാണ് പണം എന്നാണ് മായാവതി നല്‍കിയ വിശദീകരണം. പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിക്കുമെന്ന് ഗുല്‍ബര്‍ഗ ഡപ്യൂട്ടി കമ്മീഷണര്‍ കെ.ജെ ജഗദീഷ് പറഞ്ഞു. മെയ് അഞ്ചിനാണ് തെരഞ്ഞെടുപ്പ്.