ജമ്മു കശ്മീരിലെ വിഘടനവാദി നേതാവ് മസ്രത് ആലമിനെ ജയില്‍ മോചിതനാക്കിയ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശദീകരണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. അതേസമയം വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും പ്രധാനമന്ത്രി നരേന്ദ്രമോഡിയും പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി. ദേശസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കശ്മീര്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് സഭയെ അറിയിച്ചു.
ആലത്തിന്റെ പേരില്‍ വധശ്രമമുള്‍പ്പെടെ 27 ക്രിമിനല്‍ കേസുണ്ടെന്നും അവയില്‍ ജാമ്യം കിട്ടിയതിനാലാണ് വിട്ടയച്ചതെന്നുമാണ് കശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചതെന്നാണ് രാജ്‌നാഥ് സിംഗ് സഭയെ അറിയിച്ചത്. ദേശസുരക്ഷാ നിയമപ്രകാരമാണ് ആലത്തിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിട്ടയച്ച നടപടിയില്‍ കശ്മീര്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും ആവശ്യമെങ്കില്‍ വീണ്ടും വിശദീകരണം ആവശ്യപ്പെടുമെന്നും രാജ്നാഥ് സിംഗ് അറിയിച്ചു. ദേശസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രതിപക്ഷ ബഹളം കനത്തതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രസ്താവന നടത്തി. ആലത്തിനെ വിട്ടയച്ച നടപടിയോടുള്ള പ്രതിഷേധത്തില്‍ പങ്കുചേരുന്നതായും ഇത് കേന്ദ്രസര്‍ക്കാരിന്റെ അറിവോടെ നടന്ന സംഭവമല്ലെന്നുമാണ് പ്രധാനമന്ത്രി സഭയില്‍ പറഞ്ഞത്. ദേശവിരുദ്ധ വിഷയങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കില്ലെന്നും തീവ്രവാദ വിരുദ്ധ നിലപാടില്‍ വിട്ടു വീഴ്ചയില്ലെന്നും പറഞ്ഞ മോഡി തങ്ങളെ ആരും ദേശഭക്തി പഠിപ്പിക്കേണ്ടതില്ലെന്നും പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു.
അതേസമയം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രസ്താവന നടത്തിയിട്ടും പ്രതിപക്ഷം തൃപ്തരാകാതെ ബഹളം തുടര്‍ന്നു. സര്‍ക്കാര്‍ പറയുന്നത് ശരിയായിരിക്കാം എന്നാല്‍ കശ്മീരിലെ സഖ്യത്തില്‍ നിന്ന് പുറത്തു വന്ന് പറയണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. വിഘടനവാദി നേതാവ് സയ്യിദ് ഗീലാനി നേതൃത്വം കൊടുക്കുന്ന ഹുറിയത് കോണ്‍ഫറന്‍സ് സഖ്യത്തിലെ മുസ്ലിം ലീഗിന്റെ നേതാവും തീവ്രനിലപാടുകാരനുമാണ് മസ്രത് ആലം ഭട്ട് (44). ആലമിനെ കഴിഞ്ഞ ദിവസമാണ് കശ്മീര്‍ സര്‍ക്കാര്‍ ജയിലില്‍നിന്നു വിട്ടത്.
രാജ്യത്തിനെതിരെ 2008ലും 2010ലും കല്ലേറുസമരം ആസൂത്രണം ചെയ്തു. 115 പേരുടെ മരണത്തിന് ഇടയാക്കിയ സമരത്തിനു പിന്നാലെ ഒളിവില്‍ പോയി. വിവരം നല്‍കുന്നവര്‍ക്കു 10 ലക്ഷം രൂപ സമ്മാനം പൊലീസ് പ്രഖ്യാപിച്ചു. നാലു മാസങ്ങള്‍ക്കുശേഷം പിടിയിലായി. സുരക്ഷ സേനയുടെ നേട്ടമായി കരുതിയിരുന്ന ഈ നീക്കത്തിനാണ് മോചനത്തിലൂടെ അര്‍ഥമില്ലാതായത്. ആലത്തിന്റെ മോചനത്തില്‍ സുരക്ഷാ ഏജന്‍സികള്‍ കടുത്ത പ്രതിഷേധത്തിലാണെന്നാണ് സൂചന.
അതേസമയം, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതു ജനാധിപത്യ പ്രക്രിയയെ മുന്നോട്ടു നയിക്കുമെന്നു മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് പറഞ്ഞു. ഈ ചെറുപ്പക്കാര്‍ക്കു മുഖ്യധാരയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണം. കീഴടങ്ങിയ തീവ്രവാദികളെ പുനരധിവസിപ്പിക്കുന്നതിനു പ്രത്യേക പദ്ധതിക്കു രൂപം നല്‍കാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അദ്ദേഹം നിര്‍ദേശിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍പേരെ മോചിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണു സൂചന.