മലയാളം പോലെതന്നെയാണ് ഹിന്ദി !

Webdunia
ബുധന്‍, 14 സെപ്‌റ്റംബര്‍ 2016 (18:22 IST)
എല്ലാ ഭാഷകളെയും ഒരുപോലെ സ്നേഹിക്കുന്നവരാണ് മലയാളികള്‍. മലയാളത്തെ എങ്ങനെ സ്നേഹിക്കുന്നോ അതേപോലെ തന്നെ ഇതര ഭാഷകളെയും സ്നേഹിക്കാന്‍ മലയാളികള്‍ക്ക് കഴിയാറുണ്ട്. എന്തുകൊണ്ടാണെന്നറിയില്ല, ഹിന്ദിയോട് ഒരു പ്രത്യേക സ്നേഹമുണ്ടെന്ന് പറയാതെ വയ്യ. ഒരുപക്ഷേ, അത് രാഷ്ട്രഭാഷ ആയതുകൊണ്ടാകാം.
 
ഏത് ഭാഷയും അതിവേഗം മലയാളികള്‍ പഠിച്ചെടുക്കാറുണ്ട്. അതിനൊരു കാരണമുണ്ട്. പഠിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷകളില്‍ ഒന്നാണ് മലയാളം. അതുകൊണ്ട് മറ്റ് ഭാഷകള്‍ മലയാളികള്‍ക്ക് അനായാസം വഴങ്ങുന്നു. ഏത് നാട്ടില്‍ ചെന്നാലും ആ നാട്ടിലെ ഭാഷ പെട്ടെന്ന് പഠിച്ചെടുക്കാന്‍ മലയാളിക്കള്‍ക്കാവുന്നു. തമിഴ്നാട്ടില്‍ ചെന്നാല്‍ തമിഴും ബാംഗ്ലൂരില്‍ ചെന്നാല്‍ കന്നഡയും ഹൈദരാബാദില്‍ ചെന്നാല്‍ തെലുങ്കും അനായാസം പറയുന്ന മലയാളികളെ കാണാം.
 
ഹിന്ദിയും അതുപോലെയാണ്. മലയാളികള്‍ക്ക് വേഗം വഴങ്ങുന്ന ഭാഷയാണ് ഹിന്ദി. കേരളത്തിന്‍റെ പാഠ്യപദ്ധതിയില്‍ ഹിന്ദിക്കും സുപ്രധാനമായ സ്ഥാനം നല്‍കിയിരിക്കുന്നു. മലയാളികളുടെ സെക്കന്‍റ് ലാംഗ്വേജ് ഹിന്ദിയാണ്. വിദ്യാഭ്യാസത്തിന്‍റെ ചില ഘട്ടങ്ങളില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ സെക്കന്‍റ് ലാംഗ്വേജായി ഹിന്ദി തെരഞ്ഞെടുക്കാന്‍ പല കാരണങ്ങളുണ്ട്. ഹിന്ദി ഭാഷ വേഗത്തില്‍ പഠിച്ചെടുക്കാന്‍ കഴിയും എന്നതുതന്നെ ഒരുകാര്യം. മാര്‍ക്ക് പെട്ടെന്ന് സ്കോര്‍ ചെയ്യാന്‍ കഴിയും എന്നത് വേറൊരു സത്യം. രാഷ്ട്രഭാഷ പഠിക്കാനുള്ള ഒരു അവസരമായി അതുമാറും എന്നത് മൂന്നാമത്തെ കാര്യം.
 
സെപ്റ്റംബര്‍ 14 ഹിന്ദി ഡേ ആയി ആചരിക്കുന്നതുകൊണ്ട് കേരളത്തില്‍ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകില്ല. കാരണം, ഇതൊന്നുമില്ലാതെ തന്നെ കേരളം ഹിന്ദിക്ക് പ്രധാനമായ ഇടം തന്നെ നല്‍കിയിരിക്കുന്നു. എന്നാല്‍ അന്നേദിവസം ഹിന്ദി ഭാഷയുടെ പ്രാധാന്യത്തേക്കുറിച്ച് കൂടുതല്‍ പ്രചാരണം നല്‍കാന്‍ സാധിക്കും എന്നതിനാല്‍ ഹിന്ദി ഡേ ആചരണത്തിലെ യുക്തി ചോദ്യം ചെയ്യേണ്ടതില്ല. ഹിന്ദി ഭാഷ പഠിക്കുന്നതിന്‍റെ ഗുണങ്ങളും ആ ഭാഷയുടെ പാരമ്പര്യവുമെല്ലാം ജനങ്ങളിലേക്ക് എത്തിക്കാന്‍ ഹിന്ദി ഡേ ആചരിക്കുന്നതിലൂടെ കഴിയുന്നു.
 
ഹിന്ദി ഭാഷ എളുപ്പത്തില്‍ പഠിക്കുന്നതിനായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഈയിടെ കേരളത്തില്‍ ലോഞ്ച് ചെയ്തത് ഇവിടെ ഓര്‍ക്കേണ്ട കാര്യമാണ്. മാതൃഭാഷയായ മലയാളത്തെ എങ്ങനെ പരിഗണിക്കുന്നോ അതേ പ്രാധാന്യത്തോടെ രാഷ്ട്രഭാഷയെയും മലയാളികള്‍ നോക്കിക്കാണുന്നതിന്‍റെ ഉദാഹരണമാണിത്.
Next Article