'മറ്റുള്ളവരുടെ മക്കളെയും ഭര്‍ത്താക്കന്മാരെയും വധിക്കുമ്പോള്‍ ഇന്ദിരാ ഗാന്ധി എന്തു ചെയ്യുകയായിരുന്നു?'

Webdunia
വെള്ളി, 25 ഒക്‌ടോബര്‍ 2013 (15:34 IST)
PTI
PTI
ഇന്ദിരാഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം. മുതിര്‍ന്ന അകാലിദള്‍ നേതാവും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ മരുമകളുമായ ഹര്‍സിമ്രാത് കൗര്‍ ബാദലാണ് ഇന്ദിരാഗാന്ധിക്കെതിരെ രംഗത്തുവന്നത്.

മറ്റുള്ളവരുടെ മക്കളെയും ഭര്‍ത്താക്കന്മാരെയും വധിക്കുമ്പോള്‍ ഇന്ദിരാ ഗാന്ധി എന്തു ചെയ്യുകയായിരുന്നു? എല്ലാ സിഖുകാരും പ്രാര്‍ത്ഥിക്കുന്ന ആരാധനാകേന്ദ്രം തകര്‍ത്ത്, അവിടെയുള്ള ആളുകളെ വധിക്കാന്‍ ഉത്തരവ് നല്‍കിയതിന്റെ ശിക്ഷ കിട്ടാതെ രക്ഷപ്പെടാമെന്ന് അവര്‍ ധരിച്ചോയെന്നും ഹര്‍സിമ്രാത് ചോദിച്ചു. അകാലിദള്‍ പാര്‍ട്ടി എംപിയാണ് ഹര്‍സിമ്രാത്. ഹര്‍സിമ്രാതിന്റെ ഭര്‍ത്താവ് പഞ്ചാബ് ഉപമുഖ്യമന്ത്രിയാണ്.

സിഖ് മതവിഭാഗത്തിന്റെ പ്രധാന ആരാധനാലയമായ അമൃത്‌സറിലെ സുവര്‍ണക്ഷേത്രത്തില്‍ ഒളിച്ചിരുന്ന തീവ്രവാദികളെ വധിക്കാന്‍ ക്ഷേത്രത്തിനകത്ത് സൈന്യത്തെ പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ട ഇന്ദിരാഗാന്ധിയുടെ തീരുമാനത്തെയാണ് ഹര്‍സിമ്രാത് വിമര്‍ശിച്ചത്.

കര്‍മഫലമാണ് തന്റെ കുടുംബാംഗങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്ന് മനസിലാക്കാന്‍ അദ്ദേഹം ആഴത്തില്‍ ചിന്തിക്കണമെന്നും രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ച് ഹര്‍സിമ്രാത് പറഞ്ഞു. നിങ്ങളുടെ പ്രവൃത്തികള്‍ക്കുള്ള വില നിങ്ങള്‍ നല്‍കി. ശത്രുക്കളുടെ വര്‍ഗീയതയും രാഷ്ട്രീയവുമാണ് തന്റെ കുടുംബത്തിന് കനത്ത നഷ്ടം ഉണ്ടാക്കിയതെന്ന് ബുധനാഴ്ച രാജസ്ഥാനില്‍ നടന്ന റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ മൂവായിരത്തോളം സിഖുകാരാണ് കൊല്ലപ്പെട്ടത്.