മമത ഇടഞ്ഞുതന്നെ; പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയേക്കും

Webdunia
ചൊവ്വ, 8 ഏപ്രില്‍ 2014 (13:56 IST)
PTI
PTI
പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും തെരഞ്ഞെടുപ്പ് കമ്മീഷനും നേര്‍ക്കുനേര്‍ തുടരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്‌‍. ഉദ്യോഗസ്ഥരുടെ സ്ഥംമാറ്റം സംബന്ധിച്ച തീരുമാനത്തിന് ഇന്ന് ഉച്ചവരെ കാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റ അനുമതിയില്ലാതെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനാകില്ലെന്നാണ് മമതയുടെ നിലപാട്.

ഇതിനിടെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടിയില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പശ്ചിമ ബംഗാളില്‍ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നെന്ന് പരാതിയുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയതാണ് മമതയെ ചൊടിപ്പിച്ചത്. സ്ഥലം മാറ്റാനുള്ള അധികാരം തനിക്കായിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരെയെങ്കിലും സ്ഥലംമാറ്റുന്നത് കാണട്ടെയെന്നും മമത പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു.

പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റി തെരഞ്ഞെടുപ്പ് സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇതിന്റെ ഭാഗമായി ആരോപിതരായ അഞ്ച് പൊലീസ് സൂപ്രണ്ടുമാര്‍, ജില്ലാ മജിസ്‌ട്രേറ്റ്, രണ്ട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലം മാറ്റി ഉത്തരവിറക്കിയത്. ഏപ്രില്‍ 17ന് അഞ്ചാംഘട്ടത്തിലാണ് പശ്ചിമബംഗാളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ്.