മന്‍‌മോഹന്‍-സര്‍ദാരി കൂടിക്കാഴ്ച ഇന്ന്

Webdunia
ഞായര്‍, 8 ഏപ്രില്‍ 2012 (10:45 IST)
PRO
PRO
പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരി ഞായറാഴ്ച ന്യൂഡല്‍ഹിയില്‍ എത്തും. ഒരു ദിവസത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിയില്‍ എത്തുന്ന സര്‍ദാരി പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗുമൊത്ത് ഉച്ചവിരുന്നില്‍ പങ്കെടുക്കും. അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കുവാനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്.

മന്‍മോഹന്‍സിംഗുമായുള്ള ചര്‍ച്ചയില്‍ ഹഫീസ്‌ സയിദ്‌ മുഖ്യവിഷയമാകുമെന്ന്‌ പ്രതീക്ഷിക്കുന്നില്ലെന്ന്‌ സര്‍ദ്ദാരി ശനിയാഴ്ച ഇസ്ലാമബാദില്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യവും ചര്‍ച്ചാവിഷയമാകുമെന്നാണ്‌ ഇന്ത്യന്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. മുംബയ്‌ ഭീകരാക്രമണത്തില്‍ പങ്കുള്ള ലഷ്കര്‍ ഭീകരന്‍ ഹഫീസ്‌ സയിദിന്റെ തലയ്ക്ക്‌ യു എസ്‌ ഗവണ്‍മെന്റ്‌ 50 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ സര്‍ദാരി മന്‍മോഹന്‍സിംഗിനെ ക്ഷണിക്കുമെന്ന്‌ പാക്‌ വിദേശകാര്യ വക്‌താവ്‌ ഇസ്ലാമബാദില്‍ പറഞ്ഞു.

2005- ല്‍ പട്ടാളഭരണാധികാരിയായിരുന്ന പര്‍വേസ്‌ മുഷാറഫ്‌ ഇന്ത്യയില്‍ വന്നശേഷം ഇവിടെ എത്തുന്ന ആദ്യ പാക്‌ പ്രസിഡന്റാണ്‌ സര്‍ദാരി. മന്‍മോഹന്‍സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം അജ്‌മീറിലെ ദര്‍ഗാ ഷെരീഫില്‍ പ്രാര്‍ത്ഥനയ്ക്കായി പോകും. സര്‍ദാരിയോടൊപ്പം പുത്രന്‍ ബിലാവല്‍ ഭൂട്ടോയും ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക്കും വിദേശകാര്യ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും എത്തുന്നുണ്ട്.