മന്നയുടെ മരണം: അന്വേഷണം തുടങ്ങി

Webdunia
വ്യാഴം, 12 ഫെബ്രുവരി 2009 (19:16 IST)
റിസ്‌വാനുര്‍ റഹ്മാന്‍റെ ദുരൂഹ മരണത്തെപ്പറ്റിയുള്ള അന്വേഷണത്തിന്‍റെ ചുമതലയുണ്ടായിരുന്ന പൊലീസ്‌ ഉദ്യോഗസ്ഥനും ബംഗാള്‍ പൊലീസ്‌ അസിസ്റ്റന്‍റ് സൂപ്രണ്ടുമായ അരിന്ദം മന്നയുടെ ദുരൂഹ മരണത്തെക്കുറിച്ച് സി ഐ ഡി അന്വേഷണം തുടങ്ങി.

അന്വേഷണത്തിനായി മന്നയുടെ മൃതദേഹം കാണപ്പെട്ട ഹൂഗ്ലിയിലെ മാന്‍‌കുണ്ടു സ്റ്റേഷന്‍ പ്രദേശത്ത് സി ഐഡി സംഘം എത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് മന്നയുടെ മൃതദേഹം റയില്‍വെ ട്രാക്കില്‍ കാണപ്പെട്ടത്‌. കഴുത്തില്‍ വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം.

പ്രാഥമിക അന്വേഷണത്തില്‍ മന്നയുടെ മരണം ആത്മഹത്യയാണെന്ന് കരുതുന്നതായി റെയില്‍‌വെ പൊലീസ്‌വൃത്തങ്ങള്‍ ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ മന്നയെ കൊലപ്പെടുത്തിയതാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കുടുംബാംഗങ്ങള്‍. മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ മന്നയുടെ രണ്ട് ഫോണുകളിലെയും സിം കാണാനില്ലെന്നും കുടുംബാംഗങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് മന്നയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കും.

റിസ്‌വാന്‍റെ മൃതദേഹം റെയില്‍‌വെ ട്രാക്കില്‍ ആദ്യം കണ്ടെത്തിയത് അരിന്ദം മന്നയായിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തെതുടര്‍ന്ന് മന്ന ഈ മാസം ഒമ്പത് മുതല്‍ മന്ന അവധിയിലായിരുന്നു. പ്രമുഖ വ്യവസായി അശോക് തോഡിയുടെ മകള്‍ പ്രിയങ്കയെ വിവാഹം കഴിച്ച കംപ്യൂട്ടര്‍ ഗ്രാഫിക്സ്‌ അധ്യാപകന്‍ റിസ്‌വാനൂറിനെ 2007 സെപ്റ്റംബര്‍ 21നാണ് റെയില്‍‌വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തോഡിയുടെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു ഇവരുടെ വിവാഹം. റഹ്മാന്‍റെ മരണവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ഭാര്യാ പിതാവ് അശോക്‌ തോഡിയും തോഡിയുടെ സഹോദരനും ജനുവരി 16നാണ്‌ ജാമ്യത്തിലിറങ്ങിയത്‌.

വിവാഹത്തിന് ശേഷം തോഡി റിസ്‌വാനൂറിനെ ഭീഷണിപ്പെടുത്തിയിരുന്നതായി ആരോപണമുണ്ടായിരുന്നു. വിവാഹ ശേഷം കൊല്‍ക്കൊത്ത പൊലീസിലെ ഉന്നതര്‍ റിസ്‌വനൂറിനെ ഭീഷണിപ്പെടുത്തുകയും വിവാഹ ബന്ധം വേര്‍പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നതായും ആരോപണമുണ്ട്.