മധ്യപ്രദേശ്, മിസോറാം നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മികച്ച പോളിംഗ്. മധ്യപ്രദേശില്‍ 70 ശതമാനത്തില്‍ പരം വോട്ടുകള്‍ പോള്‍ ചെയ്തു. മിസോറാമില്‍ 81 ശതമാനം ആണ് പോളിംഗ്. ഉയര്‍ന്ന പോളിംഗ് ശതമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് പാര്‍ട്ടികള്‍. മധ്യപ്രദേശില്‍ 230ഉം മിസോറാമില്‍ 40ഉം സീറ്റുകളിലേക്കാണ് വോട്ടര്‍മാര്‍ വിധിയെഴുതുന്നത്. മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ മിസോറാമില്‍ കോണ്‍ഗ്രസും മിസോറാം ജനാധിപത്യ സഖ്യവും തമ്മിലാണ് മത്സരം.
53,896 പോളിംങ് ബൂത്തുകളില്‍ നിന്നായി നാല് കോടിയിലധികം വരുന്ന വോട്ടര്‍മാരാണ് മധ്യപ്രദേശില്‍ ഇന്ന് സമ്മതിദാന അവകാശം വിനിയോഗിച്ചത്. 230 മണ്ഡലങ്ങളില്‍ 2583 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ബിജെപി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ ഭരണം തിരിച്ചു പിടിച്ച് പഴയ പ്രതാപത്തിലെത്താനാകുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്സ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഭുധനിക്ക് പുറമെ വധിഷയിലും ജനവിധി തേടുന്നു. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ കൗര്‍, പ്രതിപക്ഷ നേതാവ് അജയ്സിംഗ, ബിജെപി എംപി യശോധര രാജ സിന്ധ്യേ, മുന്‍ കേന്ദ്ര മന്ത്രി സുരേഷ് പച്ചോരി, കോണ്‍ഗ്രസ്സ് നേതാവ് ദ്വിഗ് വിജയ് സിംഗിന്റെ മകന് ജയവര്ദ്ധന് സിംഗ് എന്നിവരാണ് മത്സര രംഗത്തുളള പ്രമുഖര്‍.
നെക്സല്‍ ബാധിത മേഖലകളടങ്ങിയ എട്ട് ജില്ലകളില്‍ കര്‍ശന സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മിസോറാമില്‍ നാല്പത് സീറ്റിലേക്കുളള തെരഞ്ഞെടുപ്പില്‍ 142 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. ഭരണ കക്ഷിയായ കോണ്‍ഗ്രസ്സും മിസോ നാഷണല്‍ ഫ്രണ്ടും നയിക്കുന്ന മിസോറാം ജനാധിപത്യ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. അക്രമണ സാധ്യത നിലനില്‍ക്കുന്ന 33 പോളിംഗ് സ്റ്റേഷനുകളില്‍ കര്‍ശന സുരക്ഷ ഒരുക്കിയിരുന്നു.