മണിപ്പൂരിലും ഗോവയിലും സസ്പെന്‍സ് തുടരുന്നു

Webdunia
ശനി, 11 മാര്‍ച്ച് 2017 (19:17 IST)
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ചിരിക്കാന്‍ പൂര്‍ണമായും ബി ജെ പിക്ക് അവകാശമുണ്ട്. അത് യുപിയുടെയോ ഉത്തരാഖണ്ഡിന്‍റെയോ മാത്രം കാര്യത്തിലല്ല. മണിപ്പൂരിലും ഗോവയിലും ബിജെപി ആത്മവിശ്വാസത്തിലാണ്. നാല് സംസ്ഥാനങ്ങളില്‍ ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അധ്യക്ഷന്‍ അമിത് ഷായുടെ പ്രഖ്യാപനത്തെ ഗൌരവത്തോടെ കാണേണ്ടതുണ്ട്.
 
മണിപ്പൂരില്‍ ഇത്തവണ കോണ്‍ഗ്രസിന് 27 സീറ്റുകളണുള്ളത്. കഴിഞ്ഞതവണ 42 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഇത്തവണ വന്‍ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ആദ്യമായി അക്കൌണ്ട് തുറന്ന ബി ജെ പി 22 സീറ്റുകള്‍ നേടി രാഷ്ട്രീയ നിരീക്ഷകരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്.
 
മണിപ്പൂരില്‍ ബി ജെ പിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം വെറുതെ വരുന്നതല്ല. അവിടെ നാഗാ പീപ്പിള്‍സ് ഫ്രണ്ടിന് നാല് സീറ്റുകള്‍ ഉണ്ട്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി മൂന്ന്‌ സീറ്റുകള്‍ നേടിയിട്ടുണ്ട്. തൃണമൂലിനും ഒരു സീറ്റുണ്ട്. സ്വതന്ത്രരുടെ സീറ്റുകളും കൂട്ടണം. വലിയ കുതിരക്കച്ചവടത്തിനുള്ള സാധ്യതയാണ് മണിപ്പൂരിലുള്ളത്. 
 
ഗോവയില്‍ ബി ജെ പിക്ക് തിരിച്ചടി നേരിട്ടെങ്കിലും അവര്‍ 13 സീറ്റുകള്‍ നേടിയിട്ടുണ്ട്. കോണ്‍ഗ്രസിന് 17 സീറ്റുകളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 21 സീറ്റുകളാണ് വേണ്ടത്. എം ജി പി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി, എന്‍ സി പി എന്നിവരുടെ നിലപാടുകള്‍ നിര്‍ണായകമാകും. മൂന്ന് സ്വതന്ത്രരും ജയിച്ചുവന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെയും ഗവര്‍ണര്‍മാരുടെയും പിന്തുണയോടെ മണിപ്പൂരിലും ഗോവയിലും ബി ജെ പി അധികാരത്തിലെത്തുന്നതിനായി ശ്രമിച്ചാല്‍ വിജയം നേടാന്‍ വലിയ പ്രയാസമൊന്നുമുണ്ടാവില്ല.
Next Article