ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണപേടകമായ മംഗള്‍യാനില്‍ നിന്നുള്ള ആദ്യചിത്രം ‘ഹെലന്‍‘ ചുഴലിക്കാറ്റിന്റേത്. ആന്ധ്ര തീരത്തോടടുക്കുന്ന ഹെലന്‍ ചുഴലിക്കാറ്റിന്റെ തീവ്രത വ്യക്തമാക്കുന്ന ചിത്രമാണിത്.
നവംബര്‍ 19-ന് ഉച്ചയ്ക്ക് 1.50ന് എടുത്തതാണ് ഈ ചിത്രം. ഭൂമിയില്‍ നിന്ന് 67,975 കിലോ മീറ്റര്‍ അകലെനിന്നെടുത്ത ചിത്രമാണിത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെയും ആഫ്രിക്കയുടെയും ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ആദ്യസെറ്റ് ചിത്രങ്ങളാണ് ലഭിച്ചത്.
മുന്‍കൂട്ടി നിശ്ചയിച്ചെടുത്ത ചിത്രമല്ല ഇതെന്ന് ഐഎസ്ആര്‍ഒ പറയുന്നു. മംഗള്‍യാനിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് നോക്കുന്നതിന്റെ ആദ്യഘട്ടമായാണ് ഭൂമിയുടെ ചിത്രം പകര്‍ത്തിയത്.
നവംമ്പര്‍ അഞ്ചിന് മംഗള്‍യാനിന്റെ ഭ്രമണപഥം ഉയര്‍ത്തുന്ന അഞ്ച് ഘട്ടങ്ങളുള്ള പ്രക്രിയ വിജയകരമായി പൂര്‍ത്തിയായി കഴിഞ്ഞിരുന്നു. പേടകം നിലവില്‍ ഭൂമിയില്‍ നിന്ന് 1,92,874 കിലോമീറ്റര്‍ അകലെയാണ്.
ഡിസംബര്‍ ഒന്നിന് ഈ ഭ്രമണപഥം വിട്ട് മംഗള്‍യാന്‍ ചൊവ്വയിലേയ്ക്ക് യാത്ര തിരിക്കും.
ചിത്രത്തിന് കടപ്പാട് -മംഗള്‍യാന്‍ ഫേസ്ബുക്ക് പേജ്