ഭക്ഷ്യസുരക്ഷാ ബില്‍: ഓര്‍ഡിനന്‍സിലൂടെ നിയമമാക്കിയേക്കും

Webdunia
ചൊവ്വ, 4 ജൂണ്‍ 2013 (10:29 IST)
PRO
PRO
ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ ഭക്ഷ്യസുരക്ഷാ ബില്ലും ഭൂമി ഏറ്റെടുക്കല്‍ ബില്ലും ഓര്‍ഡിനന്‍സിലൂടെ നിയമമാക്കിയേക്കും. ബില്ലുകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ശക്തമായ ആവശ്യം വന്നിരുന്നു. ഈ ആവശ്യം നിലനില്‍ക്കുന്നത്തിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച കൂടാതെ ബില്ലുകള്‍ നിയമമാക്കാന്‍ ഒരുങ്ങുന്നത്.

ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് സംബന്ധിച്ച് സഖ്യകക്ഷികള്‍ എതിര്‍പ്പ് ഉന്നയിക്കാന്‍ സാധ്യതയില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സഖ്യകക്ഷികളുടെ അഭിപ്രായം തേടിയിരുന്നു. കോണ്‍ഗ്രസ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടാന്‍ ഉദ്ദേശിക്കുന്ന രണ്ട് ബില്ലുകളാണ് ഭക്ഷ്യസുരക്ഷാ ബില്ലും ഭൂമി ഏറ്റെടുക്കല്‍ ബില്ലും. അധികം താമസിയാതെ ഈ രണ്ടു ബില്ലുകളും നിയമമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

എന്നാല്‍ സുപ്രധാനമായ രണ്ട് ബില്ലുകള്‍ ചര്‍ച്ച ഇല്ലാതെ നിയമമാക്കുന്നതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുവരാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ ഒറ്റപ്പെട്ട എതിര്‍പ്പുകള്‍ ഇതിനെതിരെ കോണ്‍ഗ്രസ് നേരിടുന്നുണ്ട്. കോണ്‍ഗ്രസ് ഏകാധിപത്യ മനോഭാവത്തോടെ പെരുമാറുന്നുയെന്നാണ് പ്രധാന ആരോപണം.