ഹുങ്കാര്‍ റാലിയില്‍ ഇന്ത്യന്‍ മുജാഹിദീന്‍ സ്‌ഫോടനപരമ്പര നടത്തിയത് നരേന്ദ്ര മോഡിയെ ഉന്നം വച്ചായിരുന്നുവെന്ന് പട്‌ന പൊലീസ്. അറസ്റ്റിലായ തീവ്രവാദികളില്‍ നിന്നുമാണ് ഈ വിവരം ലഭിച്ചതെന്നും പൊലീസ് അറിയിച്ചു.
എന്നാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തതയോടെ അറിയാന്‍ അന്വേഷണം വ്യാപകമാക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. മൈതാനത്ത് തിക്കും തിരക്കും സൃഷ്ടിച്ച് കൂട്ടക്കൊലയ്ക്ക് വഴിയൊരുക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പിടിയിലായവര്‍ ആദ്യം വെളിപ്പെടുത്തിയത്.
വിദ്യാര്‍ഥികളെ ഉപയോഗിച്ചാണ് മൈതാനത്ത് ബോംബുകള്‍ സ്ഥാപിച്ചത്. ഇതിന് പതിനായിരം രൂപ വീതം പ്രതിഫലം നല്‍കിയതായും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഗാന്ധിമൈതാനത്ത് പതിനെട്ട് ബോംബുകളാണ് സ്ഥാപിച്ചതെന്ന് അറസ്റ്റിലായ ഇംതിയാസ് പൊലീസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഗാന്ധി മൈതാനത്ത് പൊലീസും ബോംബ്‌സ്‌ക്വാഡും വീണ്ടും പരിശോധന തുടങ്ങി.
സ്ഫോടനത്തില്‍ പങ്കുടെന്ന് കരുതുന്ന രണ്ട് പേരെ ബിഹാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ അലോല ഗ്രാമവാസിയായ അര്‍ഷാദ് അഹമ്മദ്, റാഞ്ചി സ്വദേശി സുബേര്‍ എന്നിവരാണിവര്‍. സോണു എന്നുവിളിക്കുന്ന സുബേറിനെ റാഞ്ചിയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇതുവരെ ഏഴ് പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്.