ബെല്ലാരി ഖനനം പൂര്‍ണമായും നിര്‍ത്തണം: സുപ്രീംകോടതി

Webdunia
വെള്ളി, 29 ജൂലൈ 2011 (17:43 IST)
PRO
PRO
കര്‍ണാടകയിലെ ബെല്ലാരി മേഖലയിലെ ഖനനം പൂര്‍ണമായി നിര്‍ത്തിവയ്‌ക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. കേന്ദ്ര പരിസ്‌ഥിതി, വനം മന്ത്രാലയം ഒരാഴ്‌ചക്കകം ഇടക്കാല റിപ്പോര്‍ട്ട്‌ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

പരിസ്‌ഥിതിക്ക്‌ ആഘാതമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്നു ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ എച്ച്‌ കപാഡിയ അധ്യക്ഷനായ ബഞ്ച്‌ ‌വ്യക്‌തമാക്കി. ഇന്ത്യയില്‍ നിന്ന്‌ കയറ്റുമതി ചെയ്യുന്ന ഇരുമ്പയിരിന്റെ കൃത്യമായ കണക്കും കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ഖനനത്തിന്‌ ഖനിയുടമകള്‍ നല്‍കുന്ന റോയല്‍റ്റി കുറവാണ്. ഖനനത്തിന്‌ ലൈസന്‍സ്‌ നല്‍കിയതുമായുള്ള ക്രമക്കേടുകള്‍ ഇപ്പോള്‍ പരിശോധിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.

ബെല്ലാരിയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായതായി നേരത്തെ ലോകായുക്തയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ലോകായുക്ത റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബി ജെ പില്‍ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവയ്ക്കാനിരിക്കുകയാണ്.