ബാലനീതി നിയമഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായി

Webdunia
ചൊവ്വ, 22 ഡിസം‌ബര്‍ 2015 (19:24 IST)
ബാലനീതി നിയമഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായി. ശബ്ദവോട്ടോടെയാണ് പാസായത്. ബില്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് സി പി എം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നേരത്തേ ഈ ബില്‍ ലോക്സഭ പാസാക്കിയിരുന്നു. ഗുരുതര കുറ്റങ്ങള്‍ ചെയ്താല്‍ കൌമാര കുറ്റവാളികളെ മുതിര്‍ന്ന കുറ്റവാളികളായി പരിഗണിക്കും എന്നതാണ് ബില്ലിലുള്ള സുപ്രധാനമായ കാര്യം.
 
ബലാത്സംഗം ഉള്‍പ്പടെയുള്ള ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന 16 മുതല്‍ 18 വയസുവരെയുള്ളവര്‍ മുതിര്‍ന്ന കുറ്റവാളികള്‍ക്കൊപ്പം വിചാരണ നേരിടേണ്ടിവരും. ഏഴുവര്‍ഷം വരെ തടവുശിക്ഷ നല്‍കാനും ബില്‍ ശുപാര്‍ശ ചെയ്യുന്നു. ശിക്ഷാരീതി നടപ്പാക്കേണ്ടത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ആയിരിക്കും.
 
ഭേദഗതി അവതരിപ്പിച്ചത് മന്ത്രി മനേകാഗാന്ധിയാണ്. ഭേദഗതി അവതരിപ്പിക്കുന്നതിന് സാക്ഷിയാകാന്‍ ഡല്‍ഹിയിലെ ജ്യോതി സിംഗിന്‍റെ രക്ഷിതാക്കളും രാജ്യസഭയുടെ ഗ്യാലറിയില്‍ എത്തിയിരുന്നു. 
 
കുട്ടിക്കുറ്റവാളിക്ക് 21 വയസാകുന്നതുവരെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ താമസിപ്പിക്കുകയും സ്വഭാവത്തില്‍ മാറ്റം വന്നെങ്കില്‍ സ്വതന്ത്രമാക്കുകയും ചെയ്യും. സ്വഭാവത്തില്‍ മാറ്റം വന്നില്ലെങ്കില്‍ ജയിലിലടയ്ക്കുക എന്നതാണ് ഭേഗദതി.
 
അതേസമയം ഈ ബില്ലിനൊപ്പം മറ്റ് ചില ബില്ലുകള്‍ കൂടി സര്‍ക്കാര്‍ അവതരിപ്പിക്കാനൊരുങ്ങിയത് പ്രതിപക്ഷബഹളത്തിന് കാരണമായി.