ബാര്‍ ലൈസന്‍സ്: ഹോട്ടല്‍ ഉടമകളുടെ ഹര്‍ജി സുപ്രീംകോടതിയില്‍

Webdunia
ചൊവ്വ, 6 മെയ് 2014 (10:52 IST)
ബാര്‍ ലൈസന്‍സ് നല്‍കുന്നതിനായുള്ള അപേക്ഷ പരിഗണിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചുവെന്നാരോപിച്ച് ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ ഉടമകള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
 
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിലും കോണ്‍ഗ്രസിലും അഭിപ്രായം വ്യത്യാസം രൂക്ഷമായിരിക്കുകയാണ്. അതിനിടയിലാണ് ഹോട്ടലുടമകള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.
 
ലൈസന്‍സ് നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും അപേക്ഷകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് ഫോര്‍ സ്റ്റാര്‍ ഹോട്ടലുടമകളും മതിയായ രേഖകള്‍ ഉണ്ടായിട്ടും ലൈസന്‍സ് നല്‍കുന്നില്ലെന്ന് ത്രീസ്റ്റാര്‍ ഉടമകളും ആരോപിക്കുന്നു. ജസ്റ്റിസ് എകെ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.