ഇന്ത്യയില്‍ വച്ച് ബലാത്സംഗം ഭയന്ന് പ്രാണരക്ഷാര്‍ത്ഥം ഹോട്ടല്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടിയ ബ്രിട്ടിഷ് വനിത ഇപ്പോഴും ആ നടുക്കത്തില്‍ നിന്ന് മോചിതയായിട്ടില്ല. സൌത്ത് ഈസ്റ്റ് ലണ്ടനിലെ ഗ്രീന്‍വിച്ചില്‍ ഡെന്റല്‍ ഹൈജീനിസ്റ്റായി ജോലി ചെയ്യുന്ന ഈ 31കാരി തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. ഇവര്‍ സ്വദേശത്താണിപ്പോള്‍. തന്നെ ദ്രോഹിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ മൊഴി നല്‍കാന്‍ ഇന്ത്യയിലെത്താന്‍ ഇവര്‍ സന്നദ്ധയാണ്. എന്നാല്‍ ഇനി ഒരിക്കലും ഒറ്റയ്ക്ക് യാത്ര ചെയ്യില്ലെന്ന് ഇവര്‍ തീരുമാനിച്ചുകഴിഞ്ഞു.
മാര്‍ച്ച് 18ന് താജ്മഹലിനടുത്തുള്ള ആഗ്ര മഹല്‍ ഹോട്ടലില്‍ തങ്ങിവേയാണ് ഈ സ്ത്രീയ്ക്ക് നേരെ പീഡനശ്രമം ഉണ്ടായത്. തുടര്‍ന്ന് ഹോട്ടല്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടി ഇവര്‍ രക്ഷപ്പെടുകയായിരുന്നു. കാലിന് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യയില്‍ വച്ചുണ്ടായ ദുരനുഭവത്തിന്റെ ഫലമായി ഇവര്‍ എന്റെ ഏഷ്യയാത്ര റദ്ദാക്കി നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. നാണക്കേട് മൂലം ആരും തുറന്നുപറയാന്‍ മടിക്കുന്ന അനുഭവങ്ങള്‍ താന്‍ പറയുന്നത് മറ്റ് വിനോദസഞ്ചാരികള്‍ക്കുള്ള സുരക്ഷാ മുന്നറിയിപ്പെന്ന രീതിയിലാണെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ ആഗ്രാ മഹല്‍ ഹോട്ടലിന്റെ ഉടമ സച്ചിന്‍ ചൌഹാനെയും ഹോട്ടല്‍ ഗാര്‍ഡിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രണ്ട് ദിവസം തങ്ങാനാണ് യുവതി ഹോട്ടലില്‍ എത്തിയത്. താന്‍ ആവശ്യപ്പെട്ടത് പ്രകാരം വേക്കപ്പ്-കോള്‍ നല്‍കാനാണ് പുലര്‍ച്ചെ 3.45ന് മുറിയുടെ വാതില്‍ക്കല്‍ വന്ന് മുട്ടിയത് എന്ന് പ്രതികള്‍ പറഞ്ഞത് തെറ്റാണെന്ന് ഈ സ്ത്രീ പറയുന്നു. 4:30ന് ട്രെയിനില്‍ ജയ്പൂരിലേക്ക് പുറപ്പെടാനായി താന്‍ തന്നെ ഫോണില്‍ അലാറം സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു എന്ന് ഇവര്‍ പറഞ്ഞു. പുലര്‍ച്ചെ വാതിയില്‍ വന്ന് മുട്ടിയ ഉടമ മദ്യലഹരിയില്‍ ആയിരുന്നു. താന്‍ വാതില്‍ തുറന്ന് കാര്യം തിരക്കിയപ്പോള്‍ മസാജ് ചെയ്തു കുളിപ്പിച്ചു തരാമെന്നാണ് ഇയാള്‍ പറഞ്ഞത്. വേണ്ടെന്ന് പറഞ്ഞ് വാതിലടക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ അകത്തേക്ക് തള്ളിക്കയറാന്‍ നോക്കി. എന്നാല്‍ ആ ശ്രമം തടഞ്ഞു താന്‍ വാതില്‍ അടഞ്ഞു. പക്ഷേ ഉടമ തിരിച്ചുപോയില്ല. അയാളും മറ്റൊരാളും വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ട് മുട്ടിക്കൊണ്ടേയിരുന്നു. പ്രാണരക്ഷാര്‍ത്ഥം താന്‍ നിലവിളിച്ചെങ്കിലും ആരും രക്ഷയ്ക്കെത്തിയില്ല. എങ്ങനെയെങ്കിലും അകത്ത് കടന്ന് അവര്‍ തന്നെ ആക്രമിക്കും എന്ന് ഭയന്നു. നോക്കിയപ്പോള്‍ ബാല്‍ക്കണിയുടെ വാതിലും സുരക്ഷിതമല്ലെന്ന് കണ്ടു. ആരും രക്ഷിക്കില്ലെന്ന് ബോധ്യമായപ്പോഴാണ് ബാല്‍ക്കണിയില്‍ നിന്ന് ചാടാന്‍ ഒരുങ്ങിയത്. അതല്ലാതെ അപ്പോള്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. ഒരു മണിക്കൂറോളം ബഹളം വച്ചിട്ടും ആരും സഹായത്തിനെത്തിയിരുന്നില്ല. ഫോണ്‍ തകരാറായതിനാല്‍ ആരെയും വിളിച്ച് സഹായം തേടാനും കഴിഞ്ഞില്ല. പാസ്പോര്‍ട്ട് മാത്രം എടുത്താണ് ചാടിയത്.
രണ്ടാം നിലയില്‍ നിന്നുള്ള വീഴ്ചയില്‍ ഒരു കാല്‍ ഒടിഞ്ഞു. എന്നിട്ടും എങ്ങനെയോ റോഡിലെത്തി ഒരു ഓട്ടോയില്‍ കയറി പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അന്ന് രക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍ എന്ത് സംഭവിച്ചിട്ടുണ്ടാകും എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നു.
സംഭവങ്ങളെ തുടര്‍ന്ന് ചൈനയിലേക്കുള്ള യാത്ര മാറ്റിവച്ച് ഈ സ്ത്രീ സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു. 39കാരിയായ സ്വിസ്സ് വിനോദസഞ്ചാരി മധ്യപ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ദിവസങ്ങള്‍ക്കകമാണ് ഈ സംഭവം നടന്നത്.