ബജറ്റ്: ചിദംബരം പെട്ടി തുറക്കുമ്പോള്‍

Webdunia
വ്യാഴം, 28 ഫെബ്രുവരി 2013 (10:07 IST)
PRO
PRO
രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ പൊതുബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ധനമന്ത്രി പി ചിദംബരം രാവിലെ 11 മണിയോടെയാണ് ബജറ്റ് അവതരിപ്പിക്കുക.
2014 മെയില്‍ രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനാല്‍ ബജറ്റില്‍ ജനപ്രിയ പദ്ധതികള്‍ ഉള്‍ക്കൊള്ളിക്കുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. ഇന്ത്യയുടെ എണ്‍പത്തിരണ്ടാം ബജറ്റാണിത്. ചിദംബരം അവതരിപ്പിക്കുന്ന എട്ടാം ബജറ്റും.

ബജറ്റ് ജനകീയമാക്കണം എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടു വെച്ചിട്ടുള്ള നിര്‍ദ്ദേശം. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതര പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനാല്‍ ഈ നിര്‍ദ്ദേശം നടപ്പാക്കാന്‍ ചിദംബരം നന്നേ ബുദ്ധിമുട്ടേണ്ടിവരും.

കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. അടുത്ത വര്‍ഷം സാമ്പത്തിക വളര്‍ച്ച 6.1 നും 6.7 ശതമാനത്തിനും ഇടയിലായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ചിദംബരം പാര്‍ലമെന്റില്‍ വച്ച സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടിലുണ്ട്. സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുമെന്ന് സാമ്പത്തിക സര്‍വെയില്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവിലുള്ള സര്‍ക്കാര്‍ സബ്സിഡികള്‍ വെട്ടിക്കുറക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. രാജ്യം നേരിടുന്ന കുറഞ്ഞ വളര്‍ച്ചാ നിരക്കിനെ നേരിടാന്‍ പ്രത്യേക സാമ്പത്തിക നയങ്ങളായിരിക്കും ബജറ്റില്‍ ഉണ്ടാവുക. ആദായനികുതി പരിധി ഉയര്‍ത്തിയേക്കും. ഇറക്കുമതി നികുതിയും വര്‍ധിപ്പിച്ചേക്കും. ഭക്ഷ്യസുരക്ഷയ്ക്ക് ബജറ്റില്‍ ഊന്നല്‍ നല്‍കും. സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തും.

റയില്‍‌ ബജറ്റില്‍ തിരിച്ചടി നേരിട്ട കേരളം പൊതുബജറ്റിനെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.