ബജറ്റ്: കൊച്ചി മെട്രോയ്ക്ക് 130 കോടി

Webdunia
വ്യാഴം, 28 ഫെബ്രുവരി 2013 (14:08 IST)
PTI
പൊതുബജറ്റില്‍ കൊച്ചി മെട്രോയ്ക്ക് 130 കോടി രൂപ അനുവദിച്ചു. ഇതില്‍ 100 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ ഓഹരിയായിരിക്കും. പട്യാലയില്‍ 253 കോടി രൂപ മുടക്കി ദേശീയ കായിക പരിശീലന കേന്ദ്രം ആരംഭിക്കുമെന്നും ബജറ്റില്‍ പറയുന്നു. പശ്ചിമബംഗാളിലും ആന്ധ്രയിലും പുതിയ രണ്ട്‌ തുറമുഖങ്ങള്‍ ആരംഭിക്കുമെന്നും ചിദംബരം അറിയിച്ചു.

സംഭരണശാലകളും ശീതീകരണ സംഭരണശാലകളും നിര്‍മിക്കാനായി നബാര്‍ഡിന്‌ 5000 കോടി രൂപ അനുവദിച്ചു. എയിംസ്‌ മാതൃകയിലുള്ള ആറ്‌ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കും. ഈ വര്‍ഷം തന്നെ ഇത് തുടങ്ങും. 1650 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.

പതിനായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും എല്‍ഐസി ഓഫീസുകള്‍ തുടങ്ങും. ഉപരിതല ഗതാഗതത്തിന്‌ പുതിയ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കും. രാജീവ്‌ ഗാന്ധി ഇക്വിറ്റി പദ്ധതിയിലെ വരുമാനപരിധി 12 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.

കല്‍ക്കരി ഇറക്കുമതി നാല്‌ വര്‍ഷത്തിനുള്ളില്‍ 180 മില്യണ്‍ ടണ്ണായി ഉയര്‍ത്തും. നിലവില്‍ ഇത് 100 മില്യണ്‍ ടണ്‍ ആണ്. വസ്ത്രനിര്‍മാണ മേഖലയിലെ സാങ്കേതിക വിദ്യ നവീകരിക്കുന്നതിന്‌ 2400 കോടി രൂപ വകയിരുത്തി. കൈത്തറി മേഖലയ്ക്ക്‌ 96 കോടി രൂപ നല്‍കിയിട്ടുണ്ട്.