ബംഗാളില്‍ കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രധാനപ്രതി അറസ്റ്റില്‍

Webdunia
വെള്ളി, 8 മെയ് 2015 (12:44 IST)
പശ്ചിമബംഗാളില്‍ കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രധാന പ്രതി അറസ്റ്റിലായി. നാദിയ ജില്ലയില്‍പ്പെട്ട ഗംഗനാപുരില്‍ എഴുപത്തിയഞ്ചുകാരിയായ കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് അറസ്റ്റിലായത്.
 
പ്രധാന പ്രതി മിലോണ്‍ സര്‍ക്കാരിനെ സിയാല്‍ഡയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സി ഐ ഡി സംഘമാണ് വ്യാഴാഴ്ച രാത്രി ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന അഹിദുള്‍ അസ്‌ലം ബാബുവിനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. 
 
മാര്‍ച്ച് 14നായിരുന്നു കന്യാസ്ത്രീ പീഡനത്തിന് ഇരയായത്. സ്‌കൂളിനോട് അനുബന്ധിച്ച കോണ്‍വെന്റില്‍ കവര്‍ച്ചയ്ക്ക് എത്തിയ സംഘത്തിലെ നാലു പേരാണ് കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയത്. കോണ്‍വെന്റിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപയും സംഘം മോഷ്ടിച്ചിരുന്നു.