ഫൈലീന്‍ ചുഴലിക്കാറ്റ്‌: അതീവ ജാഗ്രതാ നിര്‍ദ്ദേശം, 56 ട്രെയിനുകള്‍ റദ്ദാക്കി; ഭുവനേശ്വര്‍ വിമാനത്താവളം അടച്ചു

Webdunia
ശനി, 12 ഒക്‌ടോബര്‍ 2013 (17:10 IST)
PRO
PRO
അതിശക്‌തമായ ഫൈലീന്‍ ചുഴലിക്കാറ്റ്‌ തീരത്തോട്‌ അടുത്തു കൊണ്ടിരിക്കെ ആന്ധ്രാ, ഒറീസ തീരങ്ങളില്‍ അതീവജാഗ്രത. ഒരു ദശകത്തിന്‌ ശേഷമുണ്ടാകുന്ന ശക്‌തമായ കാറ്റിന്റെ സുചനയെന്നോണം കിഴക്കന്‍ തീരങ്ങളില്‍ മഴയും കനത്തു. മണിക്കുറുകള്‍ക്ക്‌ പിന്നാലെ തീരത്ത്‌ എത്തിയേക്കാവുന്ന കാറ്റിനെ ഭയന്ന്‌ രണ്ടു സംസ്‌ഥാനങ്ങളും ശക്‌തമായ മുന്‍കരുതലുകളാണ്‌ എടുത്തിട്ടുള്ളത്‌. ഹൗറാ, വിശാഖപട്ടണം റൂട്ടുകളിലേക്കുളള 56 ട്രെയിനുകളാണ്‌ റദ്ദാക്കിയത്‌. ഭുവനേശ്വര്‍ വിമാനത്താവളം അടച്ചു. ഹൈവേ അഞ്ചില്‍ യാത്ര നിരോധിച്ചു.

രണ്ടു സംസ്‌ഥാനങ്ങളിലെയും ഏഴ്‌ ജില്ലകളെയെങ്കിലും കാറ്റ്‌ ബാധിക്കുമെന്നാണ്‌ സൂചനകള്‍. 1.2 കോടി ആള്‍ക്കാര്‍ക്കെങ്കിലും കാറ്റ്‌ ദുരിതം വിതയ്‌ക്കുമെന്നാണ്‌ സൂചനകള്‍. മണിക്കൂറില്‍ 210-220 കിലോമീറ്റര്‍ വേഗതയിലാകും കാറ്റടിക്കുക എന്നാണ്‌ കാലാവസ്‌ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്‌. അതേസമയം തീരത്തേക്ക്‌ കയറുന്നതിന്‌ അനുസരിച്ച്‌ വേഗത കുടിയേക്കാമെന്നും 300 കിലോമീറ്റര്‍ വേഗമെങ്കിലും വരുമെന്നുമാണ്‌ അമേരിക്കന്‍ നാവികസേന നല്‍കുന്ന വിവരം.

കാറ്റിന്‌ വേഗം കൂടുന്നു എന്നതിനെ തുടര്‍ന്ന്‌ ജാര്‍ഖണ്ഡ്‌,ഛത്തീസ്‌ഗഡ്‌ എന്നിവിടങ്ങളിലും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ശക്‌തമായ കാറ്റിനെ തുടര്‍ന്ന്‌ കടല്‍ക്ഷോഭം മൂന്ന മുതല്‍ ആറ്‌ മീറ്റര്‍ വരെ ഉയര്‍ന്നേക്കുമെന്നും 300-600 മീറ്ററെങ്കിലും കരയിലേക്ക്‌ അടിച്ചുകയറിയേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്‌.

കാറ്റ്‌ നിലംതൊടുന്നതിന്റെ സൂചനയായി കനത്തമഴയുണ്ടാകുമെന്നും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഒറീസയുടെ തീരപ്രദേശ ജില്ലകളില്‍ നിന്നും 3.6 ലക്ഷം പേരെയാണ്‌ ഒഴിപ്പിച്ചത്‌. ഗഞ്ചാം ജില്ലയില്‍ നിന്നു മാത്രം 1.2 ലക്ഷം പേരെ ഒഴിവാക്കി. ആന്ധ്രയില്‍ നിന്ന്‌ ഒരു ലക്ഷം പേരെയാണ്‌ മാറ്റി പാര്‍പ്പിച്ചത്‌. 500 ടണ്‍ ദുരിതാശ്വാസ സംവിധാനങ്ങളുമായി ആദ്യ വിമാനം ഇന്ന്‌ രാവിലെ ഭുവനേശ്വറില്‍ എത്തി.

ഒറീസയിലെ ഗഞ്ചാം, ജഗത്സിംഗ്‌പൂര്‍, ഖുര്‍ദ എന്നീ ജില്ലകളില്‍ സിആര്‍പിഎഫ്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. 1600 ദുരിതാശ്വാസ സേനയും എത്തിയിട്ടുണ്ട്‌. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ നാസിക്‌, റാഞ്ചി, ബാംഗ്‌ളൂര്‍, നാഗ്‌പൂര്‍, ബരക്‌പൂര്‍ എന്നിവിടങ്ങളില്‍ 40 വിമാനങ്ങളാണ്‌ സജ്‌ജമായിരിക്കുന്നത്‌. ഇന്ത്യന്‍ നേവി ഡൈവര്‍ സംഘത്തിന്റെ 30 ടീമുകളും സജജ്‌മായിരിക്കുന്നു. കാറ്റിന്‌ ശേഷം കപ്പല്‍ വിന്യസിപ്പിക്കും. ഒറീസയിലെ പുരി, ആന്ധ്രയിലെ ശ്രീകക്കുളം എന്നിവിടങ്ങളെയാകും കാറ്റ്‌ ഏറ്റവും കൂടുതല്‍ ബാധിക്കുക. 23 സൈക്‌ളോന്‍ സെന്ററുകള്‍, 100 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ എന്നിവ അഞ്ചു ജില്ലകളിലായി ഒരുക്കിയിട്ടുണ്ട്‌.