ഫേസ്‌ബുക്ക് നിശ്ചലമായി

Webdunia
വെള്ളി, 1 ഓഗസ്റ്റ് 2014 (22:07 IST)
സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചു. സാങ്കേതിക തകരാറാണ് കാരണമെന്നാണ് വിശദീകരണം. സൈറ്റ് ലഭ്യമല്ല എന്ന സന്ദേശമാണ് ഫേസ്ബുക്ക് തുറക്കുമ്പോള്‍ ലഭിച്ചത്. ഗോ ബാക്ക് എന്നൊരു ഐക്കണ്‍ കൂടി ഉണ്ടെങ്കിലും അതില്‍ ക്ലിക് ചെയ്യുമ്പോള്‍ വീണ്ടും ലോഗിന്‍ ചെയ്യാനായിരുന്നു നിര്‍ദേശം.

വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി ഒമ്പതുമണിക്ക് ശേഷമാണ് ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിലച്ചത്. ലോകമെമ്പാടുമുള്ള ഫേസ്ബുക്ക് ഉപയോക്താക്കള്‍ എന്തുപറ്റിയെന്നറിയാതെ ഫോണിലൂടെയും മറ്റും പരസ്പരം ആശങ്കകള്‍ പങ്കുവച്ചു.

കോടിക്കണക്കിന് രൂപയുടെ കച്ചവടവും പ്രൊമോഷനുമാണ് ഫേസ്ബുക്ക് വഴി നടക്കുന്നത്. ഇവയെ എല്ലാം ഫേസ്ബുക്കിന്റെ തകരാര്‍ ബാധിച്ചു.

ഇക്കഴിഞ്ഞ ജൂണ്‍ 19നും ഫേസ്ബുക്ക് പ്രവര്‍ത്തനം അര മണിക്കൂറോളം നിലച്ചിരുന്നു. കോടികളുടെ നഷ്ടമാണ് അന്ന് സംഭവിച്ചത്. 111 കോടിയിലധികം ഉപയോക്താക്കളുള്ള ഫേസ്ബുക്ക് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റാണ്.

2013 ഒക്‌ടോബറില്‍ നാലു മണിക്കൂറോളം ഫേസ്ബുക്ക് നിശ്ചലമായിരുന്നു. നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് ആണ് ഇതിനു കാരണമായി ഫേസ്ബുക്ക് അന്ന് പറഞ്ഞിരുന്നത്. ഓരോ മിനിറ്റിലും ഏകദേശം ഒമ്പതു ലക്ഷത്തോളം രൂപയാണ് ഫേസ്ബുക്കിന്‍റെ വരുമാനം.