ഫാക്ടിന്റെ പ്രതിസന്ധി അനിശ്ചിതമായി തുടരും

Webdunia
ബുധന്‍, 14 മെയ് 2014 (11:31 IST)
ഫാക്ടിന്റെ സാമ്പത്തിക പ്രതിസന്ധി അനിശ്ചിതകാലത്തേക്ക് തുടരും. രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തിലും സാമ്പത്തികകാര്യ സമിതിയിലും 991 കോടിരൂപയുടെ പാക്കേജ് ചര്‍ച്ചയായില്ല. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കുശേഷം അടുത്ത സര്‍ക്കാര്‍ നിലവില്‍ വരുന്നതോടെ മാത്രമേ പാക്കേജിന്റെ കാര്യത്തില്‍ തീരുമാനമാകൂ. 
 
ആഴ്ചകളായുള്ള സമരങ്ങളും ഒടുവില്‍ നടത്തിയ ഹര്‍ത്താലും എല്ലാം വെറുതെയായി. മന്ത്രിസഭ ഇറങ്ങിപ്പോകുന്നതിനുമുന്‍പ് പരിഹാരമുണ്ടാകുമെന്ന കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും വാക്കുകളും ജലരേഖയായി. നിലനില്‍പ്പിനുള്ള എല്ലാവഴിയും അടഞ്ഞെന്നും കേന്ദ്രസഹായം മാത്രമാണ് രക്ഷയെന്നും ഫാക്ട് നേതൃത്വം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും രണ്ടാം യുപിഎ സര്‍ക്കാര്‍ വഴങ്ങിയില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിക്കാത്തതിനാല്‍ പാക്കേജ് അനുവദിക്കുന്നത് പരിഗണിക്കാനാകില്ലെന്നാണ് വിശദീകരണം.
 
ഗ്രാന്റായി 250 കോടി രൂപ, പലിശ രഹിത വായ്പയായി 300 കോടി. പുറമെ 441 കോടി രൂപയുടെ വായ്പയും പലിശയും എഴുതിത്തള്ളുക. അങ്ങനെ ആകെ 991 കോടി രൂപ. തല്‍ക്കാലം ഫാക്ടിന് പിടിച്ചുനില്‍ക്കാന്‍ ഇതുകൊണ്ടാകുമെന്നാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനായുള്ള ബോര്‍ഡ് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ഓഫ് പബ്ളിക് സെക്ടര്‍ എന്റര്‍പ്രൈസസ് നിര്‍ദേശിച്ചത്. മൂന്നുമാസം മുന്‍പ് കേന്ദ്രത്തിന് സമര്‍പ്പിച്ച ഈ നിര്‍ദേശത്തിന്മേലാണ് ഇതേവരെ തീരുമാനമുണ്ടാകാതിരുന്നത്.