പ്രവീണ്‍ തൊഗാഡിയയെ പൊലീസ് അറസ്റ്റ് ചെയ്തു

Webdunia
ഞായര്‍, 25 ഓഗസ്റ്റ് 2013 (16:49 IST)
PTI
PTI
വിശ്വഹിന്ദ് പരിക്ഷത്തിന്റെ പദയാത്രയില്‍ നിരോധനാ‌ജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് പ്രവീണ്‍ തൊഗാഡിയയെ പൊലീസ് അറസ്റ്റ് ചെയ്തു. സരയൂ നദീതീരത്ത് പൂജ നടത്തുന്നതിനിടെയാണ് വിശ്വഹിന്ദ് പരിക്ഷത്തിന്റെ അദ്ധ്യക്ഷനായ പ്രവീണ്‍ തൊഗാഡിയയെ കസ്റ്റഡിയില്‍ എടുത്തത്.

തൊഗാഡിയയെ കൂടാതെ ബിജെപി മുന്‍ എംപി വിലാസി വേദാന്തിയെയും സിറ്റിംഗ് രാംചന്ദ്ര യാദവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിലാസി വേദാന്തിയെയും രാംചന്ദ്ര യാദവിനെയും ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു അറസ്റ്റ് ചെയ്തത്.

വിശ്വഹിന്ദ് പരിക്ഷത്തിന്റെ വിവാദ പദയാത്ര തടയാനുള്ള നടപടികള്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ശക്തമാക്കിയിരുന്നു. പദയാത്ര തടയാനായി ഇന്നലെ ഫൈസാബാദില്‍ 50 വിഎച്ച്‌പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. മുന്നൂറോളം പേര്‍ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ വിലക്ക് അവഗണിച്ച് മുന്നോട്ടുപോകുമെന്ന നിലപാടിലാണ് വിഎച്ച്‌പി.

പദയാത്രയ്ക്ക് അമ്പതിനായിരത്തോളം ആളുകളെ പങ്കെടുപ്പിക്കാനാണ് വിഎച്ച്‌പിയുടെ ശ്രമം. എന്നാല്‍ വിലക്ക് മറിക്കടന്ന് യാത്ര നടത്തിയാല്‍ നേരിടുമെന്ന് അഖിലേഷ് യാദവ് സര്‍ക്കാര്‍ പറയുന്നു. അയോധ്യ യാത്ര കടന്നുപോകുന്ന ആറ് ജില്ലകളില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ പ്രദേശത്ത് വന്‍ സുരക്ഷാ സേനയേയും വിന്യാസിച്ചിട്ടുണ്ട്. യാത്ര ആരംഭിക്കുന്ന മഖോധയില്‍ പോലീസ് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അയോധ്യയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് പ്രദേശം.

അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ പദയാത്ര നടക്കുന്ന ആറ് ജില്ലകളിലുമായി 22 താത്കാലിക ജയിലുകളും ഏര്‍പ്പെടുത്തുന്നുണ്ട്.