പ്രധാനമന്ത്രി രാജ്യത്തെ ഇക്കാലമത്രയും വഞ്ചിക്കുകയായിരുന്നുവെന്ന് പ്രമുഖ ഗാന്ധിയന്‍ അണ്ണ ഹസാരെ ആരോപിച്ചു. ലോക്പാല്‍ ബില്‍ പാസ്സാക്കുമെന്ന് വിശ്വസിപ്പിച്ച് തന്റെ അനിശ്ചിതകാല ഉപവാസം നിര്‍ത്താന്‍ പറഞ്ഞ് രാജ്യത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്.
ഡിസംബര്‍ 10-ന് പുനെക്കടുത്ത റാളെഗന്‍സിന്ധിയില്‍ ജനലോക്പാല്‍ ആവശ്യപ്പെട്ട് വീണ്ടും അനിശ്ചിതകാല ഉപവാസം പ്രഖ്യാപിച്ച ഹസാരെ ഇതേക്കുറിച്ച് പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഈ ആരോപണം നടത്തിയത്.
2011 ആഗസ്ത് 23-നും 27-നും പ്രധാനമന്ത്രി തനിക്കയച്ച കത്തുകളുടെ പകര്‍പ്പും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഹസാരെ എഴുതിയ കത്തില്‍ മുന്‍ വാഗ്ദാനങ്ങളൊന്നും ചിലപ്പോള്‍ പ്രധാനമന്ത്രി ഓര്‍ക്കുന്നുണ്ടാകില്ലെന്ന സൂചനകള്‍ നടത്തിയിട്ടുണ്ട്.
അഹിംസാവാദത്തില്‍ പൂര്‍ണമായി വിശ്വാസം പുലര്‍ത്തുന്ന താന്‍ ഹിംസാപരമായ വാക്കുകളില്‍ ഈ കാര്യങ്ങള്‍ എഴുതേണ്ടിവന്നതിന്റെ ഉത്തരവാദിത്വം സര്‍ക്കാറിനുതന്നെയാണെന്നും തന്റെ എഴുത്തില്‍ അണ്ണ ഹസാരെ പ്രധാനമന്ത്രിയെ അറിയിച്ചു.