പ്രതിപക്ഷം ബഹളം വച്ചു, മമത ചൂടായി!

Webdunia
വെള്ളി, 25 ഫെബ്രുവരി 2011 (15:59 IST)
WD
റയില്‍‌വെ ബജറ്റ് അവതരണത്തില്‍ ലോക്സഭയില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍ അരങ്ങേറി. മമത സ്വന്തം സംസ്ഥാനമായ പശ്ചിമബംഗാളിനു നേര്‍ക്ക് ചായ്‌വ് കാട്ടുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷം ഒന്നടങ്കം ബഹളംവച്ചപ്പോള്‍ ബജറ്റ് പ്രസംഗം നടത്തിക്കൊണ്ടിരുന്ന മമതയുടെ നിയന്ത്രണവും പലതവണ കൈമോശം വന്നു.

താന്‍ പദ്ധതികള്‍ പ്രഖ്യാപിക്കും മുമ്പേ പ്രതിപക്ഷം ആക്രമണം നടത്തുകയാണെന്ന് മമത സ്പീക്കറോട് ഇടയ്ക്ക് പരാതിപ്പെടുകയും ചെയ്തു. എന്നാല്‍, പലപ്പോഴും വിമര്‍ശനവുമായി എഴുന്നേറ്റവരോട് റയില്‍‌വെ മന്ത്രി രൂക്ഷമായി പ്രതികരിക്കുന്നുണ്ടായിരുന്നു.

പശ്ചിമ ബംഗാളിനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴായിരുന്നു പ്രതിപക്ഷം ബഹളംവച്ചുകൊണ്ട് നടുത്തളത്തിലേക്കിറങ്ങിയത്. പ്രസംഗം തടസ്സപ്പെട്ടതില്‍ ക്ഷുഭിതയായ മമത തന്റെ സംസ്ഥാനത്തെ കുറിച്ച് പറയുമ്പോള്‍ മാത്രമാണ് പ്രതിപക്ഷം ബഹളം വയ്ക്കുന്നതെന്നും തനിക്ക് തന്റെ സംസ്ഥാനത്തെ കുറിച്ച് അഭിമാനമുണ്ട് എന്നും തുടര്‍ന്നും സംസ്ഥാനത്തിനായി നല്ല കാര്യങ്ങള്‍ ചെയ്യുമെന്നും ഉറക്കെ വിളിച്ചുപറയുകയും ചെയ്തു.

ഇത് പ്രതിപക്ഷ ബഹളം രൂക്ഷമാക്കി. ജനതാദള്‍ (യു) നേതാവ് ശരദ് യാദവ് ഈ അവസരത്തില്‍ തന്റെ സംസ്ഥാനത്തെ മുടങ്ങിക്കിടക്കുന്ന പദ്ധതികളെ കുറിച്ച് ഒരു പ്രസംഗം നടത്താന്‍ തന്നെ ശ്രമിച്ചു. എന്നാല്‍, പ്രതിപക്ഷത്തിന്റെ അടവുകളില്‍ ഇടറാതെ നിന്ന മമത കോപത്തോടെ ‘വായടയ്ക്കാന്‍’ ആവശ്യപ്പെട്ടു.