രാജ്യത്തിലെ പീഡനങ്ങളുടെ നഗരം ഡല്‍ഹിയാണെന്ന് ബിജെപി നേതാവ് സുഷമാ സ്വരാജ് ആരോപിച്ചു. കോണ്‍ഗ്രസ് ഭരണം രാജ്യത്തിന്റെ തലസ്ഥാന നഗരത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചെന്നു സുഷമാ സ്വരാജ് പറഞ്ഞു.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്ന സാഹചര്യം നഗരത്തില്‍ ഇല്ലാതായി. പ്രതിദിനം ശരാശരി പത്തു മാനഭംഗ കേസുകളാണ് ഡല്‍ഹി നഗരത്തില്‍ റജിസ്റ്റര്‍ ചെയ്യുന്നത്.
പീഡനങ്ങളുടെയും അഴുക്കുചാലായി ഒഴുകുന്ന യമുനാനദിയുടെയും നഗരമായി ഡല്‍ഹി മാറിക്കഴിഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ ചേരികളിലെ ദയനീയമായ മനുഷ്യജീവിതം കണ്ടാണു മടങ്ങുന്നതെന്ന് സുഷമാ പറഞ്ഞു.
ലോകനിലവാരത്തിലുള്ള നഗരമായി ഡല്‍ഹി വളര്‍ന്നിരിക്കുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അവര്‍.