പത്താന്‍‌കോട്ടിന് പകരം ചോദിക്കൂ, മോഡി ഇന്ത്യയില്‍ ശ്രദ്ധിക്കൂ; കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ശിവസേന

ചൊവ്വ, 5 ജനുവരി 2016 (15:22 IST)
പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനൊപ്പം ചായകുടിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മടങ്ങിയപ്പോള്‍ ഇന്ത്യയ്ക്ക് നഷ്ടമായത് ഏഴ് സൈനികരുടെ വിലപ്പെട്ട ജീവനാണെന്ന് ശിവസേന. മോഡി തന്‍റെ ശ്രദ്ധ കൂടുതലായി ഇന്ത്യയില്‍ കേന്ദ്രീകരിക്കണമെന്നും ശിവസേന. തങ്ങളുടെ മുഖപത്രമായ ‘സാമ്ന’യില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശിവസേന കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
 
കോണ്‍ഗ്രസായിരുന്നു അധികാരത്തില്‍ ഇരുന്നതെങ്കില്‍ നമ്മുടെ സൈനികരുടെ ജീവന് പാകിസ്ഥാനോട് പകരം ചോദിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടെ ഒന്നും നടക്കുന്നില്ല. ആകെ നടക്കുന്നത് സോഷ്യല്‍ മീഡിയയില്‍ ജവാന്‍‌മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു എന്നത് മാത്രമാണ്. പത്താന്‍‌കോട്ട് ആക്രമണത്തിന് ഇന്ത്യ പ്രതികാരം ചെയ്തില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ആയുധ - അഭ്യാസപ്രകടനങ്ങള്‍ നിഷ്ഫലമാകുമെന്നും ശിവസേന പറയുന്നു.
 
പാകിസ്ഥാനെ ഇനിയും വിശ്വസിക്കാന്‍ പാടില്ല. ഇന്ത്യയുടെ ആത്മവിശ്വാസം തകര്‍ക്കാനാണ് അവര്‍ ശ്രമിച്ചത്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് ശ്രമിക്കുന്നതെങ്കില്‍ ജയ്ഷെ മുഹമ്മദിന്റെ തലവനെ ഇന്ത്യയ്ക്ക് കൈമാറാന്‍ അവര്‍ തയ്യാറാകണം - ശിവസേന ആവശ്യപ്പെട്ടു.
 
നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമല്ലെന്ന് ഈ ഭീകരാക്രമണം തെളിയിക്കുന്നു. നമ്മുടെ ആഭ്യന്തര സുരക്ഷ ആകെ താറുമാറായിരിക്കുകയാണ്. ലോകത്തെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോഡി അതിന് പകരം ഇന്ത്യയിലെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണ് വേണ്ടതെന്നും ശിവസേന വിമര്‍ശിക്കുന്നു.

വെബ്ദുനിയ വായിക്കുക