ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. തൊഴില്‍ മേഖലയെ സ്തംഭിപ്പിച്ച പണിമുടക്ക് സാമ്പത്തിക മേഖലയ്ക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തില്‍ ആദ്യ ദിവസത്തേത് പോലെ തന്നെ രണ്ടാം ദിവസവും പണിമുടക്ക് ഹര്‍ത്താലായി മാറും എന്നാണ് സൂചന. ദേശീയ പണിമുടക്കില്‍ അക്രമം അഴിച്ചുവിട്ട 71 പേര്‍ നോയിഡയില്‍ അറസ്റ്റിലായിട്ടുണ്ട്.
പണിമുടക്കിന്റെ ആദ്യ ദിനത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് രാജ്യവ്യാപകമായി ഉണ്ടായത്. രണ്ടാദിനത്തില്‍ കൂടുതല്‍ സമരപരിപാടികളിലേക്ക് കടക്കാനാണ് ട്രേഡ് യൂണിയനുകളുടെ നീക്കം. കഴിഞ്ഞ ദിവസം പണിമുടക്കാത്ത ചില യൂണിയനുകളും ഇന്ന് പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
നോയിഡയില്‍ ബുധനാഴ്ച ഉച്ചയോടെ വ്യാപക അക്രമം അരങ്ങേറിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് 71 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നോയിഡയിലെ വസ്ത്ര നിര്‍മാണ ഫാക്ടറികളാണ് ആക്രമിക്കപ്പെട്ടത്. ഗോഡൌണുകള്‍ തകര്‍ത്തു. പത്തോളം വാഹനങ്ങള്‍ ഇവിടെ തീവച്ചു നശിപ്പിച്ചു. 600 കോടിയുടെ നഷ്ടം സംഭവിച്ചതായി ഫാക്ടറി ഉടമകള്‍ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ക്ക് പുറമെ ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, അധ്യാപന മേഖലകള്‍, വാഹന മേഖല തുടങ്ങിയവരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ട്രേഡ് യൂണിയനുകളായ ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ്, എഐടിയുസി എന്നിവയടക്കം 11 സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് ഭരണ-പ്രതിപക്ഷ തൊഴിലാളികള്‍ സംയുക്തമായി പണിമുടക്കുന്നത്. ഇതാദ്യമായാണ് ഇങ്ങനെ ഒരു പണിമുടക്ക്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുക, തൊഴില്‍നിയമങ്ങള്‍ നടപ്പിലാക്കുക, തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷിതത്വ ഫണ്ട് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.