നഗരത്തില്‍ ആയിരക്കണക്കിനാളുകള്‍ക്ക് പട്ടിയുടെയും പാമ്പിന്റെയും കടിയേല്‍ക്കുന്നതിനു പ്രധാന കാരണം മനേകാ ഗാന്ധിയാണെന്ന് തിരുവനന്തപുരം നഗരസഭാ മേയര്‍ കെ ചന്ദ്രിക. നഗരത്തില്‍ ആറു മാസത്തിനിടെ പട്ടികടിയേറ്റത് പതിനായിരത്തോളം പേര്‍ക്കാണ്.
തെരുവുനായയെകൊന്നാലേ കടിയില്‍ നിന്നുരക്ഷപ്പെടൂ. അതിന് എതിരുനിന്ന മനേകാ ഗാന്ധിയാണ് എല്ലാത്തിനും കാരണക്കാരി എന്നാണ് മേയര്‍ ചന്ദ്രികയുടെ ആരോപണം. തെരുവുനായ്ക്കളുടെ ശല്യത്തെ കുറിച്ച് മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് മേയര്‍ ഇത് പറഞ്ഞത്.
നായ കടിക്കുന്നത് ഒരു പ്രശ്നമേ അല്ല എന്നും എ ബി സി പദ്ധതിനടപ്പാക്കാന്‍ ഡോക്ടര്‍ ഇല്ല എന്നും അതിനു നഗരസഭ എന്തു ചെയ്യാനെന്നാണ് ,മേയറുടെ ചോദ്യം. പിന്നെ നായ്ക്കളെ ഇല്ലാതാക്കിയാല്‍ എലികള്‍ പെരുകി പ്ളേഗ് വരുമെന്നും ഒന്നുകില്‍ തെരുവു നായ്ക്കളെ കൊല്ലാന്‍ അനുവദിക്കണം അല്ലെങ്കില്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യണം എന്നാണ് മേയറുടെ വാദം.
കഴിഞ്ഞ ദിവസം തിരുമലയ്ക്കടുത്ത് കുണ്ടമണ്‍കടവില്‍ ഒരു തെരുവു നായ നടത്തിയ ആക്രമണത്തില്‍ 40 ലേറെപ്പേര്‍ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് എന്ന സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് മേയറുടെ ഇത്തരത്തിലുള്ള ന്യായവാദം.