ഇന്ത്യന്‍ ഭരണഘടനയില്‍ 'ന്യൂനപക്ഷം' എന്ന വാക്കിന് നിര്‍വചനം രേഖപ്പെടുത്തിയിട്ടില്ല. ഭരണഘടനയുടെ വിവിധ വകുപ്പുകളില്‍ ന്യൂനപക്ഷങ്ങളെകുറിച്ച് പരാമര്‍ശമുണ്ടെങ്കിലും നിര്‍വചനമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്.
രണഘടനയുടെ 29, 30, 350(എ), 350(ബി) എന്നീ വകുപ്പുകളില്‍ ന്യൂനപക്ഷങ്ങളെ കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും നിര്‍വചനമില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി നിനോങ് എറിങ് ചോദ്യങ്ങള്‍ക്ക് മറുപടിയായി പാര്‍ലമെന്റില്‍ അറിയിച്ചു. ദേശീയ ന്യൂനപക്ഷ നിയമമാണ് ഇതിന് വിശദീകരണം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ മുപ്പതാം വകുപ്പില്‍ ഭാഷാപരവും മതപരവുമായ ന്യൂനപക്ഷങ്ങളെ കുറിച്ചാണ് പരാമര്‍ശിക്കുന്നത്. 350 (എ)യിലും 350(ബി)യിലും ഭാഷാപരമായ ന്യൂനപക്ഷങ്ങളെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ 1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമമാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് വിശദീകരിക്കുന്നത്.
നിയമമനുസരിച്ച് മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധമതം, പാഴ്‌സികള്‍ എന്നീ അഞ്ച് സമുദായങ്ങളാണ് ന്യൂനപക്ഷത്തില്‍പെടുക. ഇവരില്‍ 75 ശതമാനവും മുസ്ലിം സമുദായമാണ്. നിയമനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ അടുത്തിടെ വിവിധ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ നല്‍കിയിരുന്നു.