നേവി ഉദ്യോഗസ്ഥന്‍റെ അവിഹിതബന്ധം തെളിഞ്ഞു: ആന്‍റണി

Webdunia
വെള്ളി, 16 ഏപ്രില്‍ 2010 (17:04 IST)
PRO
റഷ്യയില്‍ ഔദ്യോഗികച്ചുമതലയില്‍ ഉണ്ടായിരുന്ന കാലത്ത് നേവി ഉദ്യോഗസ്ഥന്‍ കമാന്‍ഡര്‍ സുഖ്ജിന്ദര്‍ സിംഗിന് റഷ്യന്‍ യുവതിയുമായി ബന്ധമുണ്ടായിരുന്നതായി തെളിഞ്ഞുവെന്ന് പ്രതിരോധമന്ത്രി എ കെ ആന്‍റണി. ഈ അന്വേഷണത്തിന്‍റെ രണ്ടാം ഘട്ടം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് നേവിക്ക് ആന്‍റണി നിര്‍ദ്ദേശം നല്‍കി.

“ഈ അന്വേഷണത്തിന്‍റെ ആദ്യ ഘട്ടം നേവി പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടാം ഘട്ട അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കമാന്‍ഡറും റഷ്യന്‍ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു എന്നത് ആദ്യ ഘട്ട അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.” - ആന്‍റണി അറിയിച്ചു.

“ഈ കേസിന്‍റെ അന്വേഷണം നേവി ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായാലുടന്‍ എന്ത് നടപടി വേണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഇപ്പോള്‍ ഇതേക്കുറിച്ച് കൂടുതല്‍ പറയാന്‍ സാധ്യമല്ല.” - ആന്‍റണി അറിയിച്ചു.

2005 - 2007 കാലഘട്ടത്തിലാണ് കമാന്‍ഡര്‍ സുഖ്ജിന്ദര്‍ സിംഗ് റഷ്യയില്‍ സേവനമനുഷ്ഠിച്ചത്. അക്കാലത്ത് ഔദ്യോഗികച്ചുമതലയില്‍ ശ്രദ്ധിക്കാതെ ഒരു റഷ്യന്‍ സ്ത്രീയുമായുള്ള ബന്ധത്തിനാണ് കമാന്‍ഡര്‍ സിംഗ് മുന്‍ഗണന നല്‍കിയതെന്നാണ് ആരോപണം. സിംഗും റഷ്യന്‍ യുവതിയും തമ്മിലുള്ള ബന്ധത്തിന് തെളിവായി ഒട്ടേറെ ഫോട്ടോകള്‍ നേവിക്ക് ലഭിച്ചിട്ടുണ്ട്.