നിത്യാനന്ദയെ തമിഴ് താരം സന്ദര്‍ശിച്ചു?

Webdunia
ചൊവ്വ, 1 മാര്‍ച്ച് 2011 (17:40 IST)
PRO
ലൈംഗികാപവാദത്തില്‍ പെട്ട സ്വാമി നിത്യാനന്ദ പരമഹംസനും സിനിമയും തമ്മിലുള്ള ബന്ധം അവസാനിക്കുന്നില്ല! നിത്യാനന്ദയെ ഒരു തമിഴ് സിനിമാ താരവും നിര്‍മ്മാതാവും ബാംഗ്ലൂരിലെ ബിദാദി ആശ്രമത്തില്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. അപവാദ ചുഴിയില്‍ പെടുന്നതിനു മുമ്പും പിമ്പും ധാരാളം സിനിമാ താരങ്ങള്‍ നിത്യാനന്ദയുടെ അടുത്ത് അനുഗ്രഹം തേടിയെത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

തമിഴ് ഹാസ്യതാരം സന്താനവും സിനിമാ നിര്‍മ്മാതാവ് വെങ്കടും ചേര്‍ന്നാണ് നിത്യാനന്ദയെ സന്ദര്‍ശിച്ചത് എന്നാണ് റിപ്പോര്‍ട്ട്. സന്താനം ഇപ്പോള്‍ അഭിനയിക്കുന്ന ‘മുപ്പൊഴുതും ഉര്‍ കര്‍പനൈകള്‍’ എന്ന സിനിമയുടെ നിര്‍മ്മാതാവാണ് വെങ്കട്. ഈ ചിത്രം നിര്‍മ്മിക്കുന്നത് നിത്യാനന്ദയാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയിലാണ് സന്ദര്‍ശന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. അഥര്‍വയും അമലാപോളുമാണ് ‘മുപ്പൊഴുതും ഉര്‍ കര്‍പനൈകള്‍’ എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നത്.

തമിഴ് - മലയാളം നടി രഞ്ജിതയുമൊത്തുള്ള ഒരു സെക്സ് ടേപ്പ് പുറത്തു വന്നതിനെ തുടര്‍ന്നാണ് നിത്യാനന്ദ വിവാദ നായകനായത്. സെക്സ് ടേപ്പില്‍ തങ്ങളല്ല എന്ന് നിത്യാനന്ദയും രഞ്ജിതയും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍, സെക്സ് ടേപ്പ് പുറത്തുവിട്ട മുന്‍ ആശ്രമ അന്തേവാസിയായ ലെനിന്‍ കറുപ്പന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ നിത്യാനന്ദയെ വെട്ടിലാക്കുകയായിരുന്നു. തുടര്‍ന്ന്, ഒളിവില്‍ പോയ നിത്യാനന്ദയെ ബാംഗ്ലൂര്‍ സിഐഡി ഹിമാചലില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.

നേരത്തെ, ആരോപണ വിധേയയായ നടി രഞ്ജിത, നിത്യാനന്ദയെ കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കുന്നു എന്ന വാര്‍ത്ത വന്നിരുന്നു. സിനിമയിലൂടെ തനിക്കും സ്വാമിക്കും മേല്‍ പുരണ്ടിരിക്കുന്ന കറ കഴുകി കളയാനാണ് രഞ്ജിതയുടെ ഉദ്ദേശമെന്നും സൂചനയുണ്ടായിരുന്നു.