രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. കേസ് എന്‍ഐഎയ്ക്ക് കൈമാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു.
2002 ലെ എസ്‌യുഎ ആക്ട് പ്രകാരവും ഐപിസിയിലെ സെക്ഷന്‍ 302(കൊലപാതകം), 307(വധശ്രമം) തുടങ്ങിയ വകുപ്പുകളും പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥകളും എസ്‌യുഎ ആക്ടിലുണ്ട്. എന്നാല്‍ നാവികര്‍ക്ക് വധശിക്ഷ വിധിക്കില്ലെന്ന് ഇന്ത്യ ഇറ്റലിയ്ക്ക് ഉറപ്പ് നല്‍കിയത് കൂടി കണക്കിലെടുക്കും എന്നാണറിയുന്നത്.
നാട്ടില്‍ പോയ നാവികരെ തിരിച്ച് ഇന്ത്യയില്‍ എത്തിക്കണമെങ്കില്‍ വധശിക്ഷ വിധിക്കില്ലെന്ന ഉറപ്പ് വേണം എന്ന് ഇറ്റലി ആവശ്യപ്പെട്ടിരുന്നു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുകയും ചെയ്തുരുന്നു.