നാഗ്പൂരില്‍ ബി ജെ പി രൂപികരിച്ച സഖ്യത്തില്‍ മുസ്ലിംലീഗും. നാഗ്പൂര്‍ നഗരസഭയില്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള സഖ്യമായ 'നാഗ്പൂര്‍ വികാസ് അഖാഡി'യിലാണ് മുസ്ലിംലീഗ് അംഗമായത്. 145 അംഗ നഗരസഭയില്‍ ഭരണം നടത്താന്‍ 74 പേരുടെ അംഗബലമാണ് ബി ജെ പി സഖ്യത്തിന് വേണ്ടത്. ഭാരിപ്പ ബഹുജന്‍ മഹാസംഘ് അടക്കമുള്ള ദലിത് സംഘടനകളും മുസ്ലിംലീഗുമടക്കം ഇപ്പോള്‍ സഖ്യത്തിന്റെ അംഗബലം 77 ആയി.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍നിന്ന് നിതിന്‍ ഗഡ്കരിയെ വിജയിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മുസ്ലീംലീഗ് അടക്കമുള്ള കക്ഷികളെ കൂടെ നിര്‍ത്താന്‍ ബി ജെ പി തയാറായത്. എന്നാല്‍ ലീഗ് പ്രാദേശികമായ വികസനത്തെ പിന്തുണക്കുകയാണെന്നും അതില്‍ പ്രത്യയശാസ്ത്ര വിഷയമില്ലെന്നും ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലെ പാര്‍ട്ടി നിരീക്ഷകനായ സി എച്ച് അബ്ദുറഹ്മാന്‍ അറിയിച്ചു.
2007 ല്‍ നാഗ്പൂര്‍ നഗരസഭയില്‍ ഒരു വാര്‍ഡായിരുന്നു ലീഗിന് ലഭിച്ചിരുന്നത്. ഭരണം കൈയാളിയ ബി ജെ പിയുടെ സഹായത്തോടെ അന്ന് ഈ വാര്‍ഡില്‍ ഉര്‍ദു സ്കൂളടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലീഗ് അംഗത്തിന് സാധിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നാഗ്പൂര്‍ സെന്‍ട്രല്‍, നാഗ്പൂര്‍ വെസ്റ്റ് എന്നീ നിയമസഭാമണ്ഡലങ്ങളില്‍ ലീഗ് നിര്‍ണായക ശക്തിയാണ്. ഇപ്രാവിശ്യം നഗരസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി ടിക്കറ്റില്‍ മുസ്ലിം വനിത ജയിക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലിംലീഗിന്റെ സഹകരണം, ന്യൂനപക്ഷങ്ങളുടെ മനംകവരുന്നതില്‍ നിതിന്‍ ഗഡ്കരിയുടെ നീക്കങ്ങള്‍ വിജയം കാണുന്നതിന്റെ സൂചനയായാണ് നിരീക്ഷിക്കപ്പെടുന്നത്.