കണ്ണൂർ: ഈ വർഷത്തെ മഹാകുംഭമേളയ്ക്ക് പോകാൻ പ്ലാനിടുന്നവർക്ക് സന്തോഷ വാർത്ത. മംഗളൂരുവിൽ നിന്ന് പാലക്കാട് വഴി വരാണസിയിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ് റെയിൽവേ. കുംഭമേളയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്താണ് ദക്ഷിണ റെയിൽവേ കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചത്. ഇരുദിശകളിലേക്കുമായി നാല് സർവീലുകൾ നടത്തുന്ന ട്രെയിനിന് കേരളത്തിൽ 12 സ്റ്റോപ്പുകളാണുള്ളത്.
06019 മംഗളൂരു സെൻട്രൽ - വരാണസി സ്പെഷ്യൽ ട്രെയിൻ ജനുവരി 18, ഫെബ്രുവരി 15 (ശനിയാഴ്ച) ദിവസങ്ങളിൽ രാവിസെ 04:15നാണ് സർവീസ് ആരംഭിക്കുക. തുടർന്ന് മൂന്നാംദിനം ഉച്ചയ്ക്ക് 02:50ന് ട്രെയിൻ വരാണസിയിലെത്തും. 06020 വരാണസി - മംഗളൂരു സെൻട്രൽ സ്പെഷ്യൽ ട്രെയിൻ ജനവുരി 21, ഫെബ്രുവരി 18 തീയതികളിൽ (ചൊവ്വാഴ്ച) വൈകീട്ട് 06:20 നാണ് സർവീസ് ആരംഭിക്കുക. തുടർന്ന് നാലാംദിനം പുലർച്ചെ 02:30ന് മംഗളൂരുവിൽ എത്തിച്ചേരും.
വരാണസി യാത്രയിൽ പുലർച്ചെ 04:15ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 04:55ന് കാസർകോട് സ്റ്റേഷനിൽ എത്തിച്ചേരും. നീലേശ്വരം, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, ഷൊർണൂർ, പാലക്കാട് സ്റ്റേഷനുകളിൽ സ്റ്റോപ്പുള്ള ട്രെയിൻ കോയമ്പത്തൂർ വഴി യാത്ര തുടരും. മൂന്നാംദിനം രാവിലെ 10:25നാമണ് ട്രെയിൻ പ്രയാഗ് രാജിലെത്തുക. തുടർന്ന് 02:50ന് വരാണസിയിലെത്തും.
മടക്കയാത്രയിൽ വൈകീട്ട് 06:20ന് വരാണസിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 09:25ന് പ്രയാഗ് രാജിലെത്തിച്ചേരും. 5 മിനിറ്റാണ് ട്രെയിൻ സ്റ്റേഷനിൽ നിർത്തുക. തുടർന്ന് മൂന്നാംദിനം രാത്രി 08:10ന് പാലക്കാടെത്തുന്ന ട്രെയിൻ ഒറ്റപ്പാലം 08:40, ഷൊർണൂർ 09:05, തിരൂർ 09:48, ഫറോക്ക് 10:13, കോഴിക്കോട് 10:47, വടകര 11:12, തലശേരി 11:38, കണ്ണൂർ 12:02, പയ്യന്നൂർ 12:38, നീലേശ്വരം 12:58, കാസർകോട് 01:33 സ്റ്റേഷൻ പിന്നിട്ട് മംഗളൂരു സെൻട്രലിൽ പുലർച്ചെ 02:30 ന് എത്തിച്ചേരും.
ഒരു എസി ടു ടയർ കോച്ച്, മൂന്ന് എസി ത്രീ ടയർ കോച്ച്, 12 സ്ലീപ്പർ ക്ലാസ് കോച്ച്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് എന്നിവയാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്. ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.